ദുബായ്: യു.എ.ഇ.യിൽ എത്തുന്ന എല്ലാ സന്ദർശകർക്കും വൈകാതെ വിമാനത്താവളങ്ങളിൽനിന്ന് സിംകാർഡ് സൗജന്യമായി ലഭിക്കും. നിലവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള സൗകര്യമാണ് രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്. യു.എ.ഇ.യിലെ ടെലികോംസേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് വിതരണം. അബുദാബിയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് മേധാവികളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായ് താമസ-കുടിയേറ്റ വകുപ്പ് ഏതാനും ദിവസംമുമ്പാണ് ഡു കമ്പനിയുമായി സഹകരിച്ച് സൗകര്യം നടപ്പാക്കിത്തുടങ്ങിയത്. 20 എം.ബി. ഡേറ്റ, മൂന്നു മിനിറ്റ് സംസാരസമയം, അഞ്ച് സൗജന്യ എസ്.എം.എസ്. എന്നിവയടങ്ങുന്ന സിംകാർഡ് വിമാനത്താവളങ്ങളിലെ പാസ്പോർട്ട് കൺട്രോൾ കൗണ്ടറിൽനിന്നായിരിക്കും ലഭിക്കുന്നത്. രാജ്യത്ത് എവിടെവെച്ചും ഈ സിംകാർഡ് ഉടമയ്ക്ക് റീച്ചാർജ് ചെയ്യാം. സന്ദർശകൻ രാജ്യംവിടുന്നതുവരെയോ വിസയുടെ കാലാവധി കഴിയുന്നതുവരെയോ ആയിരിക്കും സിംകാർഡിന്റെ പ്രവർത്തനം. ലോകത്താദ്യമായി സന്ദർശകർക്ക് സൗജന്യമായി സിംകാർഡ് നൽകിയത് ദുബായ് വിമാനത്താവളത്തിലായിരുന്നു. ആ സമ്പ്രദായം രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് യു.എ.ഇ.യുടെ താമസ- കുടിയേറ്റ വകുപ്പ്. യു.എ.ഇ.യിൽ എത്തുന്ന സഞ്ചാരികൾക്ക് പെട്ടെന്നുതന്നെ രാജ്യത്തുള്ള പരിചയക്കാരുമായി ബന്ധപ്പെടാനും നാട്ടിലേക്കു വിളിക്കാനുമുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ.യെ ലോകത്തെ മികച്ച സഞ്ചാരിസൗഹൃദരാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. content highlights:free SIM cards for all UAE visitors
from mathrubhumi.latestnews.rssfeed https://ift.tt/2RVrsQ4
via
IFTTT