പയ്യന്നൂർ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി. ശനിയാഴ്ച വൈകുന്നേരം ആറിനാണ് ഭാര്യ രൂപാഞ്ജലിക്കൊപ്പം ചീഫ് ജസ്റ്റിസ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തിയത്. ഏഴേകാലോടെ രാജരാജേശ്വര ക്ഷേത്രത്തിലുമെത്തി.ശനിയാഴ്ച ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ അദ്ദേഹം കണ്ണൂരിലെ ഹോട്ടലിൽ വിശ്രമിച്ചശേഷമാണ് കാർമാർഗം പയ്യന്നൂരിലെത്തിയത്. ചീഫ് ജസ്റ്റിസ് രേവതി നക്ഷത്രത്തിലും ഭാര്യ പുണർതം നക്ഷത്രത്തിലും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളായ വേൽ ഒപ്പിക്കൽ, പട്ട് ഒപ്പിക്കൽ, നെയ്യമൃത്, നെയ്‌വിളക്ക് തുടങ്ങിയവ നടത്തി. തുടർന്ന് ക്ഷേത്രത്തിൽ തൊഴുതിറങ്ങി. ജ്യോത്സ്യർ എ.വി.മാധവ പൊതുവാളും കുടുംബവും ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറും ട്രസ്റ്റ് ബോർഡംഗങ്ങളും ചീഫ് ജസ്റ്റിസിനൊപ്പമുണ്ടായിരുന്നു.തുടർന്ന് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തിയ ചീഫ് ജസ്റ്റിസും കുടുംബവും ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടംവെച്ച് തൊഴുതു. പട്ടംതാലിയും നെയ്യമൃതും സമർപ്പിച്ചു. ടി.ടി.കെ. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ചീഫ് ജസ്റ്റിസിനെ സ്വീകരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2XMv3RN
via
IFTTT