Breaking

Sunday, July 14, 2019

കോൺഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

രണ്ടാംതവണയും ലോക്സഭാതിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി സാമ്പത്തികപ്രതിസന്ധി. ഇതേത്തുടർന്ന് യൂത്ത് കോൺഗ്രസ്, വിദ്യാർഥി യൂണിയൻ, മഹിളാ കോൺഗ്രസ്, സേവാദൾ ഘടകങ്ങളോടു ചെലവുചുരുക്കാൻ നേതൃത്വം ആവശ്യപ്പെട്ടു. സേവാദൾ ഓഫീസിന്റെ മാസവിഹിതം രണ്ടരലക്ഷം രൂപയിൽനിന്നു രണ്ടുലക്ഷം രൂപയായി കുറച്ചു. അടുത്തമാസംമുതൽ ശമ്പളത്തിൽ 5000 രൂപയുടെവരെ കുറവുണ്ടായേക്കാമെന്ന ആശങ്കയിലാണിപ്പോൾ ജീവനക്കാർ. എ.ഐ.സി.സി. ഓഫീസിൽമാത്രം നൂറ്റമ്പതോളം ജീവനക്കാരുണ്ട്. ഇതിൽ നൂറ്റിപ്പത്തുപേർ സ്ഥിരംജീവനക്കാരാണ്. ഇവരുടെ ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. താത്കാലികക്കാരിൽ പലർക്കും മൂന്നുമാസത്തെവരെ കുടിശ്ശികയുണ്ടെന്നാണറിയുന്നത്. കോൺഗ്രസിന്റെ സാമൂഹികമാധ്യമ സെല്ലിലെ 20 പേർ തിരഞ്ഞെടുപ്പു കഴിഞ്ഞതിനുപിന്നാലെ രാജിവെച്ചിരുന്നു. ശമ്പളം കിട്ടുമോ എന്ന ആശങ്കയും കൂടുതൽപേർ വേണ്ട എന്ന നേതൃത്വത്തിന്റെ നിലപാടും അതിനു കാരണമായി. നിലവിൽ 35 പേരാണു സെല്ലിലുള്ളത്. ഇവരിൽ ചിലർക്കു ശമ്പളം മുടങ്ങുന്നുണ്ടെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾതന്നെ പറയുന്നു. മാധ്യമവിഭാഗത്തിന്റെ അവസ്ഥയും ഇതുതന്നെ. അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാഹുൽഗാന്ധിയുടെ രാജി, കർണാടകത്തിലെയും ഗോവയിലെയും എം.എൽ.എ.മാരുടെ കൂറുമാറ്റം തുടങ്ങിയവ തിരിച്ചടിയായതിനു പിന്നാലെയാണ് സാമ്പത്തികപ്രതിസന്ധിയും കോൺഗ്രസിനെ അലട്ടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കോടതികളിൽ ആർ.എസ്.എസ്. നൽകിയിട്ടുള്ള കേസുകളിൽ ഹാജരാവുന്നതിനു രാഹുൽഗാന്ധിക്കുമാത്രം വൻ സാമ്പത്തികബാധ്യതയാണുണ്ടാവുന്നത്. കർണാടകത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും വേണ്ട ചെലവു വേറെയും. ഭരിക്കുന്ന സംസ്ഥാനങ്ങൾ കുറഞ്ഞതും വരുമാനത്തിൽ കുറവുണ്ടാക്കുന്നു. കർണാടക പ്രതിസന്ധി തീർന്നാൽ ഈയാഴ്ച പ്രവർത്തകസമിതി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് പ്രവർത്തകസമിതി യോഗം വൈകുന്നു. കർണാടകത്തിലെ പ്രശ്നങ്ങൾ തീരുകയാണെങ്കിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പ്രവർത്തകസമിതി ചേർന്നേക്കുമെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. അല്ലെങ്കിൽ അടുത്തയാഴ്ച നടക്കാനാണു സാധ്യത. Content highlights:Congress, Financial crisis


from mathrubhumi.latestnews.rssfeed https://ift.tt/2jNo0uc
via IFTTT