Breaking

Thursday, July 4, 2019

സഞ്ജീവ് ഭട്ടിന് പിന്തുണയേറെ കേരളത്തിൽനിന്ന്

അഹമ്മദാബാദ്: ഗുജറാത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് കേരളത്തിൽനിന്നു പിന്തുണയേറുന്നു. ഭട്ടിന്റെ ഭാര്യ ശ്വേതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കേരളനേതാക്കൾ പലരും അഹമ്മദാബാദിലെത്തുന്നുണ്ട്. എന്നാൽ, ഗുജറാത്തിലെ പ്രതിപക്ഷമുൾപ്പെടെ ഇക്കാര്യത്തിൽ മൗനത്തിലുമാണ്. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ ചൊവ്വാഴ്ച ശ്വേതാ ഭട്ടുമായി ചർച്ച നടത്തി. ശ്വേതയുടെ പോരാട്ടത്തിന് ധാർമിക പിന്തുണ നൽകുമെന്ന് അവർ പറഞ്ഞു. “ബി.ജെ.പി.യുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് ഈ കുടുംബം. നിയമപരമായ കാര്യങ്ങൾക്കായി സഞ്ജീവിനെ ജയിലിൽ സന്ദർശിക്കാൻപോലും ശ്വേതയെ അനുവദിക്കുന്നില്ല. കേരളത്തിൽനിന്നാണ് ഈ കുടുംബത്തിന് വലിയ പിന്തുണ കിട്ടുന്നത്. ഗുജറാത്തിൽ പലരും രഹസ്യമായി പിന്തുണയ്ക്കുന്നെങ്കിലും പരസ്യപ്രതികരണത്തിന് ഭയംമൂലം തയ്യാറാകുന്നില്ല”- ഷാനിമോൾ പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും ഫോണിൽ ശ്വേതാ ഭട്ട് സംസാരിച്ചു. വിധിക്കെതിരേ സഞ്ജീവ് ഭട്ട് ഹൈക്കോടതിയിൽ അടുത്തയാഴ്ച അപ്പീൽ നൽകുന്നുണ്ട്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്കെതിരേ മൊഴി നൽകിയ സഞ്ജീവ് ഭട്ടിനെ 1990-ലെ ഒരു കസ്റ്റഡിമരണക്കേസിലാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഭട്ടിനെ 2015-ൽ സർവീസിൽനിന്നു പുറത്താക്കിയതാണ്. ഭാര്യ ശ്വേതാ ഭട്ട് മോദിക്കെതിരേ 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. മുസ്ലിംലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിൽ ശ്വേത മകനൊപ്പം കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അഹമ്മദാബാദിലെത്തി പിന്തുണ അറിയിച്ചു. ശ്വേതയെ ഷാനിമോൾ സന്ദർശിച്ചപ്പോൾ ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾ ആരും ഒപ്പമുണ്ടായിരുന്നില്ല. എന്നാൽ, ഇവിടത്തെ പ്രതിപക്ഷനേതാവ് പരേശ് ധാനാണി സന്ദർശനത്തിനുള്ള സഹായംചെയ്തതായി ഷാനിമോൾ പറഞ്ഞു. Content highlights:Sanjeev Bhatt, Kerala


from mathrubhumi.latestnews.rssfeed https://ift.tt/3294RUH
via IFTTT