ന്യൂഡൽഹി: രാജിതീരുമാനം പിൻവലിക്കാനുള്ള എല്ലാ സമ്മർദങ്ങളും അതിജീവിച്ചാണു രാഹുൽ കോൺഗ്രസ് അധ്യക്ഷപദവിയൊഴിയുന്നത്. പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം മേയ് 25-നു ചേർന്ന പ്രവർത്തകസമിതിയിലാണു പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വമേറ്റ് അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്നു രാഹുൽ പ്രഖ്യാപിച്ചത്. അതു നിരസിച്ച പ്രവർത്തകസമിതി പാർട്ടിയുടെ എല്ലാതലങ്ങളിലും അഴിച്ചുപണി നടത്താൻ രാഹുലിനെ അധികാരപ്പെടുത്തി. എന്നാൽ, നെഹ്രു കുടുംബത്തിൽനിന്നുതന്നെ കോൺഗ്രസിന് അധ്യക്ഷൻ വേണമെന്നു നിർബന്ധമില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയും പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ ഒരുമാസത്തെ സമയം അനുവദിക്കുകയും ചെയ്തു. ഇതിനിടെ, മുതിർന്ന നേതാക്കൾ രാഹുലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. മധ്യപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാർ രാജിസന്നദ്ധത പ്രകടിപ്പിച്ചും കോൺഗ്രസ് ഭരിക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നേരിൽക്കണ്ടും രാഹുൽ തുടരണമെന്ന് അഭ്യർഥിച്ചു. കോൺഗ്രസ് പാർലമെന്ററിപാർട്ടി യോഗത്തിൽ എം.പി.മാർ ഒറ്റക്കെട്ടായി സ്ഥാനമൊഴിയരുതെന്ന് അഭ്യർഥിച്ചു. എ.ഐ.സി.സി. ആസ്ഥാനത്ത് ചില പ്രവർത്തകർ ധർണയുമിരുന്നു. നൂറ്റമ്പതിലേറെ നേതാക്കൾ രാജിക്കത്തെഴുതി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. എന്നാൽ, ഇതുകൊണ്ടൊന്നും പിന്തിരിയാതെ രാഹുൽ രാജിപ്രഖ്യാപനം പരസ്യപ്പെടുത്തുകയായിരുന്നു. Content highlights;Rahul Gandhi, Congress
from mathrubhumi.latestnews.rssfeed https://ift.tt/2YvCgHh
via
IFTTT