Breaking

Sunday, July 21, 2019

ലൈഫ് മിഷൻ: വലിയ വീടുവെച്ചവർക്ക് അവസാനഗഡു നൽകില്ല

തിരുവനന്തപുരം: വീടില്ലാത്തവർക്ക് വീടുനിർമിക്കാൻ സർക്കാർ സഹായം നൽകുന്ന ലൈഫ് പദ്ധതിയിൽ വ്യവസ്ഥകൾക്ക് വിരുദ്ധമായി വലിയ വീടുനിർമിച്ചവർക്ക് അവസാനഗഡു പണം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇത്തരത്തിൽ വീടുവെച്ചവർക്ക് സർക്കാർ സഹായം കിട്ടാനുള്ള അർഹത പുനഃപരിശോധിക്കാനും അനർഹരെന്ന് കണ്ടാൽ മുഴുവൻ തുകയും തിരിച്ചുപിടിക്കാനും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാരസമിതി തീരുമാനിച്ചു. ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ സഹായം ലഭിച്ചവർക്കാണ് ഇതുബാധകം. സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവർക്ക് വീടുവെക്കാൻ ഈ ഘട്ടത്തിൽ നാലുലക്ഷംരൂപവീതം സർക്കാർ അനുവദിച്ചിരുന്നു. ഈ വീടുകൾക്ക് 420 ചതുരശ്രയടിവരെമാത്രമേ വിസ്തീർണം പാടുള്ളൂ എന്നായിരുന്നു നിർദേശം. എന്നാൽ, ഒട്ടേറെ ഗുണഭോക്താക്കൾ സർക്കാരിന്റെ സഹായത്തിനുപുറമേ, മറ്റു മാർഗങ്ങളിൽക്കൂടി പണം കണ്ടെത്തി കൂടുതൽ വിസ്തീർണമുള്ള വീടുകൾ നിർമിച്ചു. അവസാനഘട്ട സഹായത്തിനായി ഇതു ക്രമപ്പെടുത്തണമെന്ന ആവശ്യവുമായി ഒട്ടേറെപ്പേർ അപേക്ഷ നൽകിയിട്ടുണ്ട്. 420 ചതുരശ്രയടിയാണ് നിശ്ചയിച്ചതെങ്കിലും 600 ചതുരശ്രയടിവരെ അംഗീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിലും കൂടുതൽ വിസ്തീർണമുള്ള വീടുകൾ നിർമിച്ചവർ മറ്റുമാർഗങ്ങളിൽ പണം കണ്ടെത്താനാവുന്നവരും സർക്കാരിന്റെ സഹായം ആവശ്യമില്ലാത്തവരുമാണ് എന്നാണ് സർക്കാരിന്റെ പ്രാഥമികനിഗമനം. അതിനാലാണ് അർഹത പുനഃപരിശോധിക്കാൻ നിർദേശം നൽകിയത്. അനർഹരെന്ന് കണ്ടെത്തിയാൽ മുഴുവൻ തുകയും ഈടാക്കുകയോ വായ്പത്തുക ഗുണഭോക്താവുതന്നെ തിരിച്ചടയ്ക്കുകയോ വേണം. 86,000 വീടുകളാണ് രണ്ടാംഘട്ടത്തിൽ നിർമിക്കുന്നത്. എങ്ങനെ സാധിച്ചുവെന്ന് അന്വേഷിക്കും ഇത്തരം കേസുകൾ ഓരോന്നും വെവ്വേറെ പരിശോധിക്കും. നിശ്ചിത വിസ്തീർണത്തിലും കൂടിയ വീടുവെക്കാൻ എങ്ങനെ സാധിച്ചുവെന്ന് പരിശോധിച്ച് തീരുമാനമെടുക്കും. മറ്റ് മാർഗങ്ങളിൽ പണം കണ്ടെത്താൻ ശേഷിയുള്ളവർ സർക്കാരിന്റെ സഹായം പറ്റുന്നത് നിരുത്സാഹപ്പെടുത്തും. -യു.വി. ജോസ്, ലൈഫ് മിഷൻ ഡയറക്ടർ Content Highlights:life mission scheme; last due amount wont give


from mathrubhumi.latestnews.rssfeed https://ift.tt/2XQugnM
via IFTTT