ന്യൂഡൽഹി: നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ. എന്നിവയുടെ പുരുദ്ധാരണത്തിന് ടെലികോം വകുപ്പ് 74,000 കോടി രൂപയുടെ പാക്കേജ് തയ്യാറാക്കിയതായി റിപ്പോർട്ട്. 50 വയസ്സ് കഴിഞ്ഞവർക്ക് സ്വയം വിരമിക്കൽ പദ്ധതി, ജീവനക്കാരുടെ വിരമിക്കൽ പ്രായം 60-ൽനിന്ന് 58 ആയി കുറയ്ക്കുക തുടങ്ങിയവ പാക്കേജിന്റെ ഭാഗമായിരിക്കും.ഇരുകമ്പനികൾക്കും പാക്കേജിന്റെ ഭാഗമായി 4ജി സ്‌പെക്‌ട്രംകൂടി അനുവദിച്ചാൽ ടെലികോം മേഖലയിൽ ശക്തമായ സാന്നിധ്യമാകാൻ കഴിയുമെന്ന് വകുപ്പ് പ്രതീക്ഷിക്കുന്നു. വൻ സാമ്പത്തികപ്രതിസന്ധിയിലായ ബി.എസ്.എൻ.എല്ലിന്റെ ഓഹരി വിറ്റഴിക്കൽ വിജയിക്കില്ലെന്നും ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും പൂട്ടുന്നത് 95,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നുമുള്ള അനുമാനത്തിലാണ് പുനരുദ്ധാരണപാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. വി.ആർ.എസ്. നൽകാൻ 29,182 കോടി രൂപ, വിരമിക്കൽ പ്രായം 60-ൽനിന്ന് 58 ആയി കുറയ്ക്കുമ്പോൾ ആനുകൂല്യങ്ങൾ നൽകാൻ 10,993 കോടി രൂപ, 4ജി സ്പെക്‌ട്രം ലഭിക്കാൻ 20,410 കോടി രൂപ, 4ജി സേവനം ലഭ്യമാക്കാൻ 13,202 കോടി രൂപ എന്നിങ്ങനെയാണ് പാക്കേജിൽ നീക്കിെവക്കുന്നത്. ഇത് നടപ്പായാൽ 2024-ഓടെ ബി.എസ്.എൻ.എൽ. ലാഭത്തിലാകുമെന്നാണ് പ്രതീക്ഷ.2018-’19 സാമ്പത്തികവർഷം 13,804 കോടി രൂപയാണ് ബി.എസ്.എൻ.എല്ലിന്റെ നഷ്ടം. ഇത് 2019-’20 വർഷം 18,865 കോടി രൂപയായി ഉയരും. എന്നാൽ, 2020-’21-ഓടെ നഷ്ടം 5,432 കോടി രൂപയായും 2022-’23-ഓടെ 396 കോടി രൂപയായും കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 2023-’24 സാമ്പത്തികവർഷം ബി.എസ്.എൻ.എൽ. 2,235 കോടി രൂപ ലാഭത്തിലെത്തുമെന്നുമാണ് ടെലികോം വകുപ്പ് അനുമാനിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2y1qFUB
via
IFTTT