Breaking

Saturday, May 18, 2019

നിപാ ഭീതിക്ക് ഒരു വയസ്

കോഴിക്കോട്: പതിനെട്ടു ജീവനുകൾ അപഹരിച്ച നിപ വൈറസ് ബാധക്ക് ഒരു വർഷം തികയുന്നു. അന്നോളം കേട്ടിട്ടില്ലാത്ത ഒരു വൈറസ് ബാധയെ കേരളം അതിജീവിച്ചതിന്റെ ഓർമപുതുക്കൽ കൂടിയാണ് ഇന്ന്. 2018 മേയ് 18നാണ് കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കട സ്വദേശി മുഹമ്മദ് സാലിഹ് മരിച്ചത്. പനിയാണ് സാലിഹിന്റെ മരണകാരണം എന്നായിരുന്നു പ്രാഥമികനിഗമനം. എന്നാൽ വിശദപരിശോധനാ ഫലം നിപാ ബാധയാണെന്ന സ്ഥിരീകരണത്തിലേക്ക് നയിച്ചു. പഴംതീനി വവ്വാലുകളിൽനിന്നായിരുന്നു നിപയുടെ വരവ്. സാലിഹിന്റേതിനു പിന്നാലെ വീണ്ടും നിപയെ തുടർന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അക്ഷരാർഥത്തിൽ നാട് നടുങ്ങിവിറച്ചു. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പോലും ആളുകൾ മടിച്ചു. മാസ്ക് ധരിച്ചും ഹാൻഡ് വാഷുകൾ കൊണ്ട് പലയാവർത്തി കൈകഴുകിയും ഭയത്തെ അകറ്റാൻ ആളുകൾ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ അങ്ങനെ ഭയന്നിരിക്കാനാകുമായിരുന്നില്ല. നിപയ്ക്കെതിരെ സർക്കാർ സംവിധാനങ്ങളും സാധാരണക്കാരും ഒരുമിച്ച് രംഗത്തിറങ്ങി. മന്ത്രി കെ കെ ഷൈലജയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും ഡോക്ടർമാരും നടത്തിയ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടവയാണ്. രോഗബാധ സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയും ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയും പ്രതിരോധപ്രവർത്തനങ്ങൾ സജീവമാക്കി. നിപ പതിയെ നിയന്ത്രണവിധേയമാകുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. നിപാ രോഗികളെ പരിചരിക്കുന്നതിനിടെ നിപാബാധിച്ച് മരിച്ച സിസ്റ്റർ ലിനി കണ്ണീരോർമയായതും കേരളം കണ്ടു. പതിനെട്ട് ജീവൻ അപഹരിച്ചെങ്കിലും കൂട്ടായ പ്രതിരോധപ്രവർത്തനങ്ങളിലൂടെ നിപയെ കേരളം അതിജീവിച്ചു. content highlights:one year after nipah


from mathrubhumi.latestnews.rssfeed http://bit.ly/2HrEVM4
via IFTTT