വളാഞ്ചേരി: പാചകവാതക ടാങ്കർലോറി മറിഞ്ഞതിനെത്തുടർന്ന് ദേശീയപാതയിൽ വട്ടപ്പാറവഴി ഗതാഗതം മുടങ്ങിയത് മുപ്പത്തിമൂന്ന് മണിക്കൂർ. ചൊവ്വാഴ്ച രാത്രി പതിനൊന്നിന് മറിഞ്ഞ ടാങ്കറിൽനിന്ന് വാതകം മാറ്റിനിറയ്ക്കുന്ന ശ്രമകരമായ ജോലി വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് പൂർത്തിയായത്. മാറ്റിനിറയ്ക്കാനാകാത്തതിനാൽ മൂന്നുടൺ പാചകവാതകം അഗ്നിശമനസേന ഉദ്യോഗസ്ഥർ നിർവീര്യമാക്കി. തിരൂർ സ്റ്റേഷൻ ഓഫീസർ എൻ.വി. പ്രമോദ്കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ, യൂണിറ്റിനു കീഴിലുള്ള സിവിൽ ഡിഫൻസ് വാർഡൻമാരായ ഫിർദൗസ്, മനാഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. പതിനെട്ടു ടൺ പാചകവാതകമാണ് ടാങ്കറിലുണ്ടായിരുന്നത്. വാതകം നിർവീര്യമാക്കാനും മാറ്റിനിറയ്ക്കാനുമായി ഇരുപതു ടാങ്ക് വെള്ളമാണ് അഗ്നിശമനസേന ഉപയോഗിച്ചത്. തുടർന്ന് രണ്ട് കൂറ്റൻ ക്രെയിനുകളുടെ സഹായത്തോടെ കൊക്കയിൽനിന്ന് ടാങ്കർ ഉയർത്തുന്ന ജോലിയാരംഭിച്ചു. മുകളിലേക്കെത്തിച്ച ടാങ്കർ ഉച്ചയോടെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. വാതകം മാറ്റിനിറയ്ക്കുന്ന ജോലി പൂർത്തിയായശേഷം രാവിലെ എട്ടോടെ വാഹനങ്ങളെ കടത്തിവിടാൻ തുടങ്ങി. ഇതരസംസ്ഥാനങ്ങളിൽനിന്ന് വന്ന് രണ്ടുദിവസമായി ദേശീയപാതയിൽ കരിങ്കല്ലത്താണി, മീമ്പാറ, കാവുംപുറം എന്നിവിടങ്ങളിൽ നിരനിരയായി നിർത്തിയിട്ടിരുന്ന ചരക്കുലോറികളെയാണ് ആദ്യം കടത്തിവിട്ടത്. കൊറോണ വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിർത്തിയിട്ട ലോറികളിലെ ഡ്രൈവർമാർക്കെതിരേ പ്രദേശവാസികൾ ആശങ്ക ഉയർത്തിയിരുന്നു. അതിനിടെ അപകടത്തിൽ പരിക്കേറ്റ് വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുനെൽവേലി സ്വദേശി അറുമുഖസ്വാമി മുരുഗയ്യ(38) ആശുപത്രി വിട്ടു. ഓടിയെത്തിയ നാട്ടുകാരായ യുവാക്കളുടെ സമയോചിതമായ ഇടപെടലാണ് മറിഞ്ഞ ടാങ്കറിന്റെ കാബിനിൽക്കുടുങ്ങി മരണത്തെ മുഖാമുഖംകണ്ട ഡ്രൈവറുടെ ജീവൻ രക്ഷിച്ചത്. ഡ്രൈവറെ വലിച്ചെടുക്കുമ്പോഴും ടാങ്കറിൽനിന്ന് വാതകം ലീക്ക് ചെയ്യുന്നുണ്ടായിരുന്നു. Content Highlight: 33 hours later, traffic was restored at Vattapara
from mathrubhumi.latestnews.rssfeed https://ift.tt/2NQpuz9
via
IFTTT