കൊച്ചി: ചാരുകസേരയിൽ കിടന്ന് വെറ്റിലയിൽ ചുണ്ണാമ്പു തേക്കുന്നതുപോലെ സ്മാർട്ട് ഫോണിലൂടെ വിരലോടിക്കുമ്പോൾ പല്ലു മുഴുവൻ പുറത്തുകാട്ടിയുള്ള പൊട്ടിച്ചിരിയിലായിരുന്നു അമ്മാമ്മ. അരികിലിരുന്ന് അമ്മാമ്മയുടെ തമാശകൾക്കു കൗണ്ടർ പറയുന്ന കൊച്ചുമോൻ. ടിക് ടോകിലൂടെ ഏഴര ലക്ഷം ഫോളോവേഴ്സും 1.30 കോടി ലൈക്കുകളും നേടി പ്രശസ്തയായ അമ്മാമ്മ ഇപ്പോൾ മറ്റൊരു അന്വേഷണത്തിലാണ്. ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോകിനു പകരം പുതിയൊരു ആപ്പ് വേണം. 88-ാം വയസ്സിലും തളരാതെ വീഡിയോകൾ ചെയ്യണം. ടിക് ടോക് വീഡിയോകളിലൂടെ വൈറലായ പറവൂർ പൂയ്യപ്പിള്ളി സ്വദേശി മേരി ജോസഫും കൊച്ചുമകൻ ജിൻസണും കോവിഡ് കാലത്തും തിരക്കിലാണ്. ''ചട്ടയും മുണ്ടുമുടുത്ത് വീടിനുള്ളിൽ കഴിഞ്ഞിരുന്ന അമ്മാമ്മയുമായി പ്രളയകാലത്ത് വെറുമൊരു തമാശയ്ക്ക് തുടങ്ങിയതാണ് ടിക് ടോക്. ഒന്നര വർഷംകൊണ്ട് 250-ലേറെ വീഡിയോകളാണ് അമ്മാമ്മ ചെയ്തത്.'' ''ലോക്ഡൗൺ കാലത്ത് തമാശ വീഡിയോകൾ വേണ്ടെന്ന് അമ്മാമ്മ പറഞ്ഞിരുന്നെങ്കിലും കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വീഡിയോകൾ ചെയ്തിരുന്നു. അവസാനം ചെയ്ത കാക്ക എന്ന വീഡിയോ പത്തുലക്ഷത്തിലേറെപ്പേരാണ് കണ്ടത്...''- ജിൻസൺ പറയുമ്പോൾ അമ്മാമ്മ പതിവുപോലെ ചിരിച്ചു. ടിക് ടോക് നിരോധിച്ചതിനാൽ വീഡിയോ ചെയ്യാൻ പറ്റുന്നില്ലെങ്കിലും അതു രാജ്യത്തിനു വേണ്ടിയല്ലേയെന്നാണ് അമ്മാമ്മ ചോദിക്കുന്നത്. ലോക്ഡൗൺ കാലത്ത് അമ്മാമ്മയുടെ അഭിനയമികവ് ഉപയോഗപ്പെടുത്താൻ കേരള പോലീസും എത്തിയിരുന്നു. കേരള പോലീസിന്റെ കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോയാണ് അമ്മാമ്മ ചെയ്തത്. Content Highlight: TikTok ban ammammayum kochumonum
from mathrubhumi.latestnews.rssfeed https://ift.tt/3ipkPCr
via
IFTTT