Breaking

Friday, July 3, 2020

പാംഗോങ് തടാകത്തിൽ അതിവേഗ ഇന്റർസെപ്റ്റർ ബോട്ടുകളിറക്കാൻ ഇന്ത്യ

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ തർക്കം തുടരുന്ന പാംഗോങ് തടാകത്തിൽ അത്യാധുനിക നിരീക്ഷണസംവിധാനങ്ങളുള്ള അതിവേഗ ഇന്റർസെപ്റ്റർ ബോട്ടുകളിറക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. അതിവേഗനീക്കത്തിലൂടെ ശത്രുബോട്ടുകളെ തടഞ്ഞ് തുരത്തുന്നതിനുള്ളവയാണിവ. ഇത്തരത്തിലുള്ള ടൈപ്പ് 928-ബി നിരീക്ഷണ-പോരാട്ട ബോട്ടുകൾ ചൈന വിന്യസിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സമുദ്രനിരപ്പിൽനിന്ന് 13,900 അടി ഉയരത്തിലുള്ള പാംഗോങ് തടാകത്തിൽ 2012 മുതൽ ഇന്ത്യ 17 ക്യു.ആർ.ടി. (ക്വിക് റിയാക്ഷൻ ടീം) ബോട്ടുകളാണ് ഉപയോഗിച്ചുവരുന്നത്. ചൈനയുടെ ബോട്ടുകളെ നേരിടാൻ ഇവ പര്യാപ്തമല്ലെന്നതിനാലാണ് പുതിയ നീക്കം. ഇവിടെ ബോട്ടുകൾ എത്തിക്കുന്നത് കടുത്ത വെല്ലുവിളിയായതിനാൽ തീരുമാനം നടപ്പാക്കൽ വൈകുമെന്നാണറിയുന്നത്. ബോട്ടിന്റെ ഭാഗങ്ങൾ വേർപെടുത്തി ആകാശമാർഗം ലേയിൽ എത്തിച്ച് പാംഗോങ്ങിൽവെച്ച് ഘടിപ്പിക്കാനാണ് ആലോചന. ഇതിന് വൻഭാരം വഹിക്കാൻശേഷിയുള്ള സി-17 ഗ്ലോബ് മാസ്റ്റർ-3 വിമാനങ്ങൾ ഉപയോഗിക്കേണ്ടിവരും. 134 കിലോമീറ്റർ നീളമുള്ള പാംഗോങ് തടാകത്തിന് 604 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. സുന്ദരമായ പ്രകൃതിദൃശ്യം സമ്മാനിക്കുന്ന തടാകത്തിന്റെ 45 കിലോമീറ്ററോളംഭാഗം ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ബോളിവുഡ് താരം ആമിർ ഖാന്റെ ജനപ്രീതിനേടിയ ചിത്രം 'ത്രീ ഇഡിയറ്റ്സി'ന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ഈ തടാകത്തിന്റെ തീരത്താണ്. ഈ സിനിമയുടെ പ്രദർശനത്തിന്റെ 10-ാം വാർഷികം ചൈനയിലെ ആരാധകർ 2019 ഡിസംബറിൽ ആഘോഷിച്ചിരുന്നു. ഇപ്പോൾ പാംഗോങ് തടാകത്തിന്റെ പടിഞ്ഞാറൻ ചെരിവിലെ കുന്നുകളിൽ എട്ടുകിലോമീറ്ററോളം ഭാഗത്ത് (ഫിംഗർ എട്ടുമുതൽ നാലുവരെ) ഉള്ളിലേക്ക് കടന്നുകയറിയ ചൈന ചൊവ്വാഴ്ചത്തെ കോർ കമാൻഡർതല ചർച്ചയിലും ഇവിടെനിന്ന് സൈന്യത്തെ പിൻവലിക്കാൻ തയ്യാറായില്ല. ഇവിടെ നിരീക്ഷണസൗകര്യമുള്ള കൂടാരങ്ങളും താവളങ്ങളും പണിതിരിക്കയാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി. Content Highlight: High-speed interceptor boats being sent to Pangong lake


from mathrubhumi.latestnews.rssfeed https://ift.tt/2CYEk4s
via IFTTT