Breaking

Friday, July 10, 2020

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ യു.എ.പി.എ ചുമത്തി കേസെടുക്കും

കൊച്ചി: തിരുവനന്തപുരത്തെ നയതന്ത്ര ബാഗിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസി യുഎപിഎ ചുമത്തി കേസെടുക്കുമെന്ന് സൂചന. യുഎപിഎയിലെ 15,16,17,18 വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. ഭീകരപ്രവർത്തനവും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിതമായ റാക്കറ്റുകളാണ് സ്വർണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തിന്റെ ദേശീയ, സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട കേസാണിതെന്നും എൻഐഎ വ്യക്തമാക്കുന്നു. ദേശസുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതരപ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന് വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എൻ.ഐ.എ.യെ ഏൽപിച്ചത്. കസ്റ്റംസ് ഇതുവരെഅന്വേഷിച്ച കേസ് അതേപടി തുടരും. ഒളിവിൽ പോയ പ്രധാന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ള സംഘത്തെ പിടികൂടാനും എൻഐഎ കസ്റ്റംസിന് സഹായം നൽകിയേക്കും. സ്വർണത്തിന്റെ ഉറവിടം, സ്വർണക്കടത്തിന്റെ ലക്ഷ്യം, കടത്തിനുള്ള മാർഗങ്ങൾ, പതിവായി സ്വർണക്കടത്ത് നടക്കുന്നുണ്ടോ ,കടത്തുന്ന സ്വർണം പണമാക്കി മാറ്റുന്നുണ്ടോ, ഈ പണം സാമ്പത്തിക ഇടപാടിനപ്പുറം ഏതെല്ലാം മേഖലയിലേക്ക് വഴിമാറുന്നു, സംസ്ഥാനത്തിനുപുറമേ ദേശീയ അന്തർദേശീയതലത്തിൽ ആർക്കൊക്കെ പങ്കുണ്ട്, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുക. സ്വർണക്കടത്തിനുപിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങൾക്കപ്പുറം മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്ന സൂചന കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് തുടക്കംമുതൽ ലഭിച്ചിരുന്നു. ഇത്തരം കള്ളക്കടത്തിനും ഹവാലകൾക്കും ഭീകരവാദപ്രവർത്തനങ്ങളുമായി ബന്ധമുണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ.യെ ചുമതലപ്പെടുത്തിയത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളാണ് എൻ.ഐ.എ.യുടെ പരിധിയിൽ വരുന്നത്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ നിയമഭേദഗതി അനുസരിച്ച് എൻ.ഐ.എ.ക്ക് ഇത്തരം കേസുകളിൽ വിദേശരാജ്യങ്ങളിലും അന്വേഷിക്കാൻ അധികാരമുണ്ട്. നേരത്തേ ഇതിന് അനുമതിയുണ്ടായിരുന്നില്ല. തിരുവനന്തപുരം സ്വർണക്കടത്തിൽ കേന്ദ്രത്തിന്റെ അന്വേഷണം മുറുകുന്നതിന്റെ പ്രത്യക്ഷസൂചനയാണ് ഇത്. ആഭ്യന്തര, ധനമന്ത്രാലയങ്ങൾക്കു കീഴിലുള്ള അന്വേഷണ ഏജൻസികൾ തുടക്കം മുതൽ ശക്തമായി രംഗത്തുണ്ട്. ആവശ്യം വന്നാൽ എൻ.ഐ.എ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളും അന്വേഷിക്കുമെന്ന് ബുധനാഴ്ച കേന്ദ്രം സൂചിപ്പിച്ചിരുന്നു. content hgihlights:thiruvananthapuram gold smuggling case, NIA prob,e UAPA


from mathrubhumi.latestnews.rssfeed https://ift.tt/3iQfILA
via IFTTT