Breaking

Friday, July 3, 2020

ആർ.എസ്‌.എസ്‌. നേതാവിന്റെ കോളേജിന്‌ സഹായം; സി.പി.എമ്മിൽ വിവാദം പുകയുന്നു

ഇരിട്ടി: ആർ.എസ്.എസ്. നേതാവിന്റെ സമാന്തര കോളേജിന്‌ സി.പി.എം. ഭരിക്കുന്ന നഗരസഭയുടെ രഹസ്യസഹായം. ആർ.എസ്‌.എസ്‌. നേതാവ്‌ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ഇരിട്ടി പ്രഗതി കോളേജിന്‌ ലഭിച്ച എം.പി. ഫണ്ട്‌ ഉപയോഗപ്പെടുത്താൻ സി.പി.എം. ഭരിക്കുന്ന നഗരസഭ ഒത്താശചെയ്തുവെന്നാണ്‌ ആരോപണം. സംഭവം വിവാദമായതോടെ ഇരിട്ടി നഗരസഭാ ചെയർമാനും സി.പി.എം. ഇരിട്ടി ഏരിയാ കമ്മിറ്റിയംഗവുമായ പി.പി.അശോകനെതിരെ നടപടിയെടുക്കാനുള്ള സാധ്യതയേറി.ഇരിട്ടി നഗരസഭാ ചെയർമാൻ പാർട്ടിയറിയാതെ ആർ.എസ്.എസ്. നേതാവിന്റെ സ്ഥാപനത്തിന് വഴിവിട്ട് സഹായംചെയ്തതായാണ്‌ പാർട്ടിക്കുള്ളിൽ വിമർശനം.വിഷയം ചർച്ചചെയ്യാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏരിയാ കമ്മിറ്റി യോഗം ചേരുന്നുണ്ട്‌. പ്രഗതി കോളേജിന് ശൗചാലയം നിർമിക്കാൻ സുരേഷ് ഗോപി എം.പി.യുടെ ഫണ്ടിൽനിന്ന് 11,55,000 രൂപ അനുവദിച്ചിരുന്നു. പാരലൽ കോളേജായതിനാൽ നിയമപരമായി എം.പി. ഫണ്ട് വിനിയോഗിക്കാൻ കഴിയാതെ വന്നതോടെ പ്രഗതി കോളേജ് ഇരിട്ടി നഗരസഭാ സെക്രട്ടറിയുടെ പേരിൽ രണ്ടുസെന്റ് സ്ഥലം രജിസ്റ്റർചെയ്ത്‌ നൽകി. നഗരസഭയുടെ സ്ഥലത്ത് പണം അനുവദിക്കുന്നതിന് തടസ്സമില്ലെന്നു കണ്ടാണ് ഇങ്ങനെ ചെയ്തത്. പാർട്ടിയറിയാതെ ചെയർമാൻ ആർ.എസ്.എസ്. നേതാവുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ പേരിലാണ് ഇങ്ങനെയൊരു ഭൂമികൈമാറ്റം നടന്നതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്‌.കമ്മിറ്റിക്ക്‌ കീഴിലെ പ്രാദേശിക ഘടകം ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്‌ കത്തയച്ചു. നഗരസഭാ സെക്രട്ടറിയുടെ പേരിൽ സ്ഥലം അനുവദിക്കുമ്പോൾ ചെയർമാൻ അറിയേണ്ടെന്നും തുടർ നടപടികൾക്കായി ഭരണസമിതിക്ക് മുമ്പാകെയെത്തിയപ്പോൾ എതിർത്തെന്നുമാണ് ചെയർമാന്റെ വിശദീകരണം. എന്നാൽ വിഷയം പാർട്ടിയുടെ നഗരസഭാ സബ് കമ്മിറ്റിയിൽ ചർച്ചയ്ക്കുവന്നില്ല. വിഷയം ചർച്ചചെയ്യാൻ ആറിനാണ് ഏരിയാ കമ്മിറ്റി യോഗം ചേരുന്നത്. അതിനിടെ പി.പി.അശോകൻ ചെയർമാൻസ്ഥാനത്തുനിന്നുള്ള രാജി പാർട്ടിനേതൃത്വത്തിന് കൈമാറിയെന്നും സൂചനയുണ്ട്‌.നഗരസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കഴിഞ്ഞ നാലരവർഷം പ്രതിസന്ധിയില്ലാതെ ഭരണം കൊണ്ടുപോകാൻ കഴിഞ്ഞത് അശോകന് പിടിവള്ളിയാണ്. ചെയർമാൻസ്ഥാനത്തുനിന്ന്‌ നീക്കിയില്ലെങ്കിലും പാർട്ടിതല അച്ചടക്കനടപടിയുണ്ടാകുമെന്നാണ് സുചന. അതിനിടെ യു.ഡി.എഫ്. വിഷയം ഏറ്റെടുത്ത് വിശദീകരണയോഗങ്ങൾക്ക്‌ തുടക്കമിട്ടിട്ടുണ്ട്‌.


from mathrubhumi.latestnews.rssfeed https://ift.tt/3eQDzIR
via IFTTT