മിസ്സി മാഹിറിനൊപ്പം തൃശ്ശൂർ : മിസ്സീ മടങ്ങിവരൂ... നിന്റെ പ്രിയപ്പെട്ട ബെബോ നിനക്കായി കാത്തിരിക്കുന്നു, നീ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ. അരണാട്ടുകര വാര്യം റോഡിലെ ചീരക്കുഴി ഹനീഫയുടെ അപൂർവയിനം വളർത്തുതത്തയാണ് മിസ്സി. ഇതുവരെ ദൂരേക്കെങ്ങും പോയിട്ടുണ്ടായിരുന്നില്ല അവൾ. പക്ഷേ, തികച്ചും അപ്രതീക്ഷിതമായി കഴിഞ്ഞദിവസം മിസ്സി പറന്നകന്നു; അതും ഹനീഫയുടെ കൺമുൻപിൽനിന്ന്. ഒന്നര വർഷം മുൻപ് ചെന്നൈയിൽ നിന്നാണ് ഹനീഫ മിസ്സിയെ വാങ്ങിയത്. പക്ഷികളെ ജീവനുതുല്യം സ്നേഹിക്കുന്ന മണ്ണുത്തി വെറ്ററിനറി കോളേജിലെ ബിരുദവിദ്യാർഥിയായ മകൻ മാഹിറിന് ജന്മദിന സമ്മാനമായിട്ടായിരുന്നു അത്. ആറുമാസം മുമ്പാണ് ഇണയായി ബെബോ എത്തിയത്. കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു ഇവർക്ക്് മിസ്സിയും ബെബോയും. അതിരാവിലെ ചായകുടിക്കുമ്പോൾ പതിവായി ഇരുവരും ഹനീഫയുടെ ചാരെ പറന്നെത്തും, ചായയോടൊപ്പമുള്ള പലഹാരത്തിനായി. തത്തവർഗത്തിൽ അത്യപൂർവമായ എക്ലക്ടസ് (eclectus) പാരറ്റ് വിഭാഗത്തിലെ ഗ്രാൻഡ് ഇനത്തിൽപ്പെട്ടതാണ് മിസ്സി. ആൺപക്ഷിക്കും പെൺപക്ഷിക്കും വെവ്വേറെ നിറമാണ് എന്നത് ഈ ഇനത്തിന്റെ പ്രത്യേകതയാണ്. നീല ബോർഡറോടുകൂടിയ ചുവപ്പ് നിറമാണ് മിസ്സിക്ക്. ഇണയ്ക്കാകട്ടെ ചുവപ്പ് ബോർഡറോടുകൂടിയ പച്ചനിറവും. വേറിട്ട നിറം മിസ്സിയെ കണ്ടെത്താൻ ഉപകരിക്കുമെന്നാണ് ഹനീഫയുടെ പ്രതീക്ഷ. കഴിഞ്ഞദിവസം കൊട്ടേക്കാട് കളരി അമ്പലത്തിന് സമീപത്ത് തത്തയെ കണ്ടതായി ഫോൺ വന്നെന്ന് ഹനീഫ പറഞ്ഞു. പക്ഷേ, അന്വേഷിച്ച് എത്തുമ്പോഴേക്കും കാണാതാവുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3iXH3vv
via
IFTTT