Breaking

Wednesday, July 8, 2020

രണ്ടുമാസം മുൻപ്‌ വിവാഹിതരായ ദമ്പതിമാർ വാടകവീട്ടിൽ മരിച്ചനിലയിൽ

മാന്നാർ: രണ്ടുമാസം മുൻപ്‌ വിവാഹിതരായ യുവദമ്പതിമാർ ചെന്നിത്തലയിലെ വാടകവീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. പന്തളം കുരമ്പാല ഊനംകോട്ടുവിളയിൽ ജിതിൻ (30) ഭാര്യ ദേവികാദാസ് (20) എന്നിവരാണ് ചെന്നിത്തല കിഴക്ക് ‘ചക്കോശ്ശേരിൽ’ എന്ന വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്‌. യുവാവ് തൂങ്ങിമരിച്ച നിലയിലും യുവതി കട്ടിലിൽ മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. പെയിന്റിങ്‌ തൊഴിലാളിയായ ജിതിനും വെട്ടിയാർ തുളസിഭവനിൽ ദേവികാദാസും മേയ് ആറിനാണ് പന്തളം സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹിതരായത്. പ്രണയത്തിലായ ഇരുവരും ഒളിച്ചോടിപ്പോയതിന് കുറത്തികാട് പോലീസ് പോക്‌സോ നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു. എന്നാൽ, യുവാവിനോടൊപ്പം പോകാൻ യുവതി താത്‌പര്യം പ്രകടിപ്പിച്ചപ്പോൾ അന്ന്‌ പ്രായപൂർത്തി ആയിട്ടില്ലായിരുന്നതിനാൽ കോടതി ചേർത്തലയിലെ ബാലമന്ദിരത്തിൽ താമസിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി എറണാകുളത്തുള്ള സ്വകാര്യ മാളിൽ ജോലിയും ചെയ്തിരുന്നു. രണ്ടുമാസം മുൻപ്‌ ഇവർ വിവാഹിതരായി. തുടർന്നാണ് ചെന്നിലയിലെ വാടകവീട്ടിൽ താമസമാക്കിയത്. ചൊവ്വാഴ്ച ജിതിൻ പെയിന്റിങ്‌ ജോലിക്കെത്താതിരുന്നതോടെ കരാറുകാരൻ വീട്ടിൽവന്ന്‌ നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ മുഖത്തും കഴുത്തിലും കൈമുട്ടിലും രക്തക്കറ കാണപ്പെട്ടു. മരണകാരണം പോസ്റ്റ്‌മോർട്ടത്തിനുശേഷം മാത്രമേ വ്യക്തമാകൂയെന്ന് മാന്നാർ സി.ഐ. ബിനു പറഞ്ഞു. മൃതദേഹങ്ങൾ കാണപ്പെട്ട മുറിയിൽനിന്ന്‌ രണ്ട് കത്തുകൾ പോലീസ് കണ്ടെടുത്തു. ഇതിൽ ജിതിന്റേതെന്ന് കരുതുന്ന ദേവികയുടെ പേർക്കെഴുതിയ കത്തിൽ, താൻ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളിലാണന്നും നിനക്ക് ഒരുപാട് ആഗ്രഹങ്ങൾ കാണുമെന്നും ഒന്നും ചെയ്യാൻ എനിക്ക്‌ കഴിയില്ലെന്നും എന്നോട് ക്ഷമിക്കൂ എന്നും എഴുതിയിട്ടുണ്ട്. ആഗ്രഹിച്ച ജീവിതമല്ല എനിക്ക് ലഭിച്ചതെന്നും ഏറ്റവും മോശമായ സാഹചര്യത്തിലാണ് താൻ പോയതെന്നും എഴുതിയ മറ്റൊരു കത്തും കിട്ടിയിട്ടുണ്ട്. ചെങ്ങന്നൂർ ആർ.ഡി.ഒ. ജി.ഉഷാകുമാരി, ഡിവൈ.എസ്.പി. പി.വി.ബേബി, സ്പെഷ്യൽബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബു, എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ്‌ സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ, സയന്റിഫിക്ക് വിദഗ്ധർ എന്നിവരും പരിശോധനയ്ക്കെത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3e72Eht
via IFTTT