ദുബായ്: യു.എ.ഇയുടെ ചരിത്രദൗത്യത്തിന് പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 1.58 ന് തുടക്കമായി. ജപ്പാനിലെ തനെഗാഷിമ സ്പേസ് സെന്ററിൽ നിന്നും അറബിക് ഭാഷയിലുള്ള കൗണ്ട്ഡൗണോടെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. വിക്ഷേപണത്തിന് ഒരു മണിക്കൂറിന് ശേഷം ലോഞ്ച് വെഹിക്കിളിൽ നിന്നും ഹോപ്പ് പ്രോബ് വിജയകരമായി വേർപ്പെടുത്തിയതായി ലോഞ്ച് ഓപ്പറേറ്റർ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് ലോഞ്ച് സർവീസസ് സ്ഥിരീകരിച്ചു. മിനിറ്റുകൾക്കുള്ളിൽ പ്രോബ് ടെലികോം സംവിധാനം സജ്ജമായി. ആദ്യ സിഗ്നൽ ദുബായ് അൽ ഖവനീജിലെ മിഷൻ കൺട്രോൾ റൂമിന് കൈമാറുകയും ചെയ്തു. 1.3 ടൺ ഭാരമാണ് ഹോപ്പ് പ്രോബിനുള്ളത്. എച്ച്-ടു എ റോക്കറ്റിലായിരുന്നു വിക്ഷേപണം. 73.5 കോടി ദിർഹത്തിന്റേതാണ് പദ്ധതി. 135 ഇമറാത്തി എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, ഗവേഷകർ എന്നിവരുടെ ആറ് വർഷത്തെ വിയർപ്പിന്റെയും അധ്വാനത്തിന്റെ ഫലമാണിത്. പലതവണ മാറ്റിവെച്ച ദൗത്യം ജപ്പാനിലെ മോശം കാലാവസ്ഥയെത്തുടർന്ന് രണ്ട് തവണ മാറ്റിവെച്ച ചരിത്ര ദൗത്യമാണിത്. ജൂലായ് 15-നാണ് കുതിപ്പിന് തീരുമാനിച്ചിരുന്ന ആദ്യതീയതി. എന്നാൽ വീണ്ടും 48 മണിക്കൂർ വൈകി 17-ലേക്ക് മാറ്റിവെച്ചു. വിക്ഷേപണതീയതി നിർണയിക്കുന്നതിൽ കാലാവസ്ഥയ്ക്ക് നിർണായകസ്വാധീനമുണ്ട്. ഇത്തരം കാലതാമസങ്ങൾ പ്രതീക്ഷിച്ചിരുന്നതായി എമിറേറ്റ്സ് മാർസ് മിഷൻ പ്രോജക്ട് ഡയറക്ടർ ഒമ്രാൻ ഷറഫ് അഭിപ്രായപ്പെട്ടു. ആദ്യ ഇമറാത്തിനിർമിത ഉപഗ്രഹമായ ഖലീഫാസാറ്റ് 2018-ൽ വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച അതേ സ്ഥലത്താണ് അൽ അമൽ വിക്ഷേപണവും. വിക്ഷേപണത്തിന് പിറകിൽ 34% സ്ത്രീകൾ ശാസ്ത്രഗവേഷണങ്ങളിൽ യുവാക്കളെ കൊണ്ടുവരികയെന്നതായിരുന്നു 2014-ൽ ദൗത്യത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയ കാലത്തെ ലക്ഷ്യം. എന്നാൽ ദൗത്യം ഒരു ചരിത്രസംഭവത്തിലേക്കാണ് വഴിതുറന്നത്. മിക്ക ചൊവ്വാദൗത്യങ്ങൾക്കും 12 വർഷമെടുക്കുമെങ്കിലും മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ആറ് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കിയെന്ന് കഴിഞ്ഞ ഏപ്രിലിൽ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തിരുന്നു. ഹോപ്പ് പ്രോബ് വിക്ഷേപണത്തിന് പിറകിൽ പ്രവർത്തിച്ച ഇമറാത്തികളിൽ 34 ശതമാനവും സ്ത്രീകളാണ് എന്നതാണ് ശ്രദ്ധേയം. 150 ഇമറാത്തി എൻജിനിയർമാരും, അമേരിക്കയിലെ 200-ഓളം എൻജിനിയർമാരും ശാസ്ത്രജ്ഞരും ദൗത്യത്തിന് പിറകിലുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/30qvswF
via
IFTTT