കോട്ടയം: സ്ത്രീകൾക്കായുള്ള സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവതി നൽകിയ പീഡനപരാതിയിൽ, കേന്ദ്രം നടത്തിപ്പുകാരിയുടെ ഭർത്താവിനെതിരേ കോട്ടയം വനിതാ പോലീസ്സ്റ്റേഷനിൽ കേസെടുത്തു. കോട്ടയം ഗാന്ധിനഗറിലെ 'സാന്ത്വനം' ചാരിറ്റബിൾ ട്രസ്റ്റ് മേധാവിനിയുടെ ഭർത്താവ് ബാബു വർഗീസിനെതിരേയാണ് കേസ്. കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശിനിയായ യുവതിയാണ് മുഖ്യമന്ത്രി, ചൈൽഡ് ലൈൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവർക്ക് പരാതി നല്കിയത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർചെയ്തത്. വേറെ പെൺകുട്ടികൾക്കും സമാന അനുഭവമുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. ജൂൺ 23-നാണ് പരാതി നല്കിയത്. ഉറ്റബന്ധുക്കളില്ലാത്ത യുവതി 12 വർഷമായി ഈ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. പരാതിയിൽ പറയുന്ന സംഭവങ്ങൾ ഇങ്ങനെ: കേന്ദ്രം നടത്തിപ്പുകാരിയുടെ വീട്ടിലെ ജോലികൾക്ക് ഇടയ്ക്ക് കൊണ്ടുപോകുമായിരുന്നു. ഏതാനുംനാൾമുമ്പ് കിടപ്പുരോഗിയായ അമ്മയെ പരിചരിക്കുന്നതിന് അങ്ങോട്ട് വിളിച്ചുവരുത്തി. നടത്തിപ്പുകാരി വീട്ടിലില്ലാതിരുന്ന ഒരുദിവസം, അവരുടെ ഭർത്താവ് അശ്ലീലസംഭാഷണങ്ങൾ നടത്തുകയും പീഡിപ്പിക്കുകയും ചെയ്തു. ഒടുവിൽ, രോഗാവസ്ഥയിലുള്ള വൃദ്ധമാതാവിന്റെ മുറിയിലിരുന്നാണ് രക്ഷപ്പെട്ടത്. പിറ്റേന്ന് കേന്ദ്രത്തിലെത്തി നടത്തിപ്പുകാരിയോടും മറ്റുള്ളവരോടും കാര്യങ്ങൾ പറഞ്ഞു. അതോടെ ഉടമയായ സ്ത്രീക്ക് തന്നോടുള്ള പെരുമാറ്റത്തിൽ മാറ്റമുണ്ടായി. ഈ സംഭവത്തിനുശേഷവും അവരുടെ ഭർത്താവ് തുടർച്ചയായി കേന്ദ്രത്തിൽ എത്തിത്തുടങ്ങിയതോടെയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം അഭയകേന്ദ്രം സന്ദർശിച്ച് തെളിവെടുത്തു. വനിത-ശിശു വികസനവകുപ്പും അന്വേഷണം നടത്തി. ഈ സാഹചര്യത്തിൽ ഇവിടെ ചെറിയ പെൺകുട്ടികൾ തുടരുന്നത് സുരക്ഷിതമല്ലെന്ന ചൈൽഡ് െപ്രാട്ടക്ഷൻ ഓഫീസറുടെ അറിയിപ്പിനെത്തുടർന്ന്, ഇവിടെ കഴിഞ്ഞിരുന്ന 17 പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. പോലീസിന്റെ വിശദമായ അന്വേഷണത്തിനുശേഷമേ കുട്ടികളെ തിരികെ സ്ഥാപനത്തിലേക്ക് അയയ്ക്കണോയെന്ന് തീരുമാനിക്കൂ. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, തന്നോടുള്ള വ്യക്തിവൈരം തീർക്കാൻ ഭർത്താവിനെതിരേ കേസ് കൊടുക്കുകയായിരുന്നെന്ന് സ്ഥാപനമേധാവിനി പറഞ്ഞു. Content Highlights:rape complaint against women shelter home owners husband in kottayam
from mathrubhumi.latestnews.rssfeed https://ift.tt/2C3TlBC
via
IFTTT