Breaking

Tuesday, July 14, 2020

നിയമപരമായ അവകാശമില്ല; തെക്കന്‍ ചൈനാ കടല്‍ വിഷയത്തില്‍ ചൈനയെ തള്ളി അമേരിക്ക

വാഷിങ്ടൺ: തെക്കൻ ചൈനാ കടലിൽ ചൈന ഉന്നയിക്കുന്ന അവകാശവാദങ്ങളെ അമേരിക്ക തള്ളിക്കളഞ്ഞു. ചൈനയുടെ ഇരപിടിയൻ കാഴ്ചപ്പാടിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ഥാനമില്ലെന്ന് പറഞ്ഞ അമേരിക്ക മേഖലയെ ഏകപക്ഷീയമായി പിടിച്ചെടുക്കാൻ ചൈനയെ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. തെക്കൻ ചൈനാ കടലിനെ സമുദ്രസാമ്രാജ്യമായി കണക്കാക്കാൻ ലോകം ബെയ്ജിങ്ങിനെ അനുവദിക്കില്ലെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യയിലെ സഖ്യകക്ഷികളുടെയും പങ്കാളികളുടെയും സമുദ്ര വിഭവങ്ങളും പരമാധികാര അവകാശങ്ങളും സംരക്ഷിക്കാൻ അമേരിക്കഒപ്പം നിൽക്കുമെന്നും മൈക്ക് പോംപിയോ കൂട്ടിച്ചേർത്തു. സമുദ്രങ്ങളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിലും രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നതിലും അമേരിക്ക അന്താരാഷ്ട്ര സമൂഹത്തോടൊപ്പം നിൽക്കുന്നുവെന്നും മൈക്ക് പോംപിയോ പറഞ്ഞു. തെക്കൻ ചൈനാ കടലിൽ ഉണ്ടായേക്കാവുന്ന ഏതൊരു കടന്നുകയറ്റത്തെയും തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കാർബറോ റീഫിൽ നിന്നും സ്പ്രാറ്റ്ലി ദ്വീപുകളിൽ നിന്നുമുള്ള പ്രത്യേക സാമ്പത്തിക മേഖല അവകാശം ഉൾപ്പെടെ ഒരു സമുദ്ര അവകാശവും ചൈനയ്ക്ക് നിയമപരമായി ഉന്നയിക്കാൻ കഴിയില്ലെന്ന് പോംപിയോ പറഞ്ഞു. ഫിലിപ്പീൻസ് അവകാശം ഉന്നയിക്കുന്നതും അവരുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ വരുന്നതെന്ന് ട്രിബ്യൂണൽ കണ്ടെത്തിയതുമാണ് സ്കാർബറോ റീഫ്. മലേഷ്യയിൽ നിന്ന് 50 നോട്ടിക്കൽ മൈലും ചൈനയുടെ തീരത്ത് നിന്ന് 1,000 നോട്ടിക്കൽ മൈലും അകലെ സ്ഥിതി ചെയ്യുന്ന ജെയിംസ് ഷോളിലും ചൈനയ്ക്ക് നിയമപമോ ഭൂമിശാസ്ത്രപരമോആയ അവകാശം ഇല്ലെന്നും പോംപിയോ പറഞ്ഞു. "തെക്കൻ ചൈനാക്കടലിലെ ഒട്ടുമിക്ക പ്രദേശത്തും അവകാശമുണ്ടെന്ന ചൈനയുടെ അവകാശവാദങ്ങൾ പൂർണമായും നിയമവിരുദ്ധമാണ്. അതുപോലെ തന്നെ അവ നിയന്ത്രണ വിധേയമാക്കാനുള്ള ഭീഷണിപ്പെടുത്തലും." - പോംപിയോ കൂട്ടിച്ചേർത്തു. Content Highlights: 'We Stand With Our Southeast Asian Allies': US Rejects Chinese Claims in South China Sea


from mathrubhumi.latestnews.rssfeed https://ift.tt/3esTRXt
via IFTTT