ചണ്ഡീഗഡ്: കൊറോണവ്യാപനത്തെ തുടർന്ന് കച്ചവടം മോശമായതോടെ പുതിയ വ്യാപാരം ആരംഭിക്കാൻ വായ്പ തേടി ബാങ്കിനെ സമീപിച്ച ചായക്കടക്കാരനെ ഞെട്ടിച്ച് ബാങ്കിന്റെ മറുപടി. ഹരിയാന കുരുക്ഷേത്രയിൽ ജീവിതവൃത്തിയ്ക്കായി ചായവിൽപന നടത്തുന്ന രാജ്കുമാറാണ് വായ്പ തേടി ബാങ്കിനെ സമീപിച്ചത്. രാജ്കുമാറിന്റെ ലോണിനുള്ള അപേക്ഷ ബാങ്ക് നിരസിച്ചു. അപേക്ഷ നിരസിക്കുക മാത്രമല്ല അതിനുള്ള കാരണം കൂടി ബാങ്ക് വെളിപ്പെടുത്തിയപ്പോഴാണ് രാജ്കുമാർ ശരിക്കും ഞെട്ടിയത്. ബാങ്കിൽ നിന്ന് രാജ്കുമാർ നേരത്തെയെടുത്ത വായ്പ തിരിച്ചടച്ചിട്ടില്ലെന്നും രാജ്കുമാർ അമ്പത് കോടി രൂപ ബാങ്കിന് നൽകാനുണ്ടെന്നുമായിരുന്നു വായ്പ നിരസിച്ചു കൊണ്ട് ബാങ്ക് നൽകിയ മറുപടി. റോഡരികിലെ ചായക്കടയാണ് രാജ്കുമാറിന്റെ ഏക വരുമാനമാർഗം. താൻ മുമ്പൊരിക്കലും വായ്പയെടുത്തിട്ടില്ലെന്ന് രാജ്കുമാർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കച്ചവടം മോശമായതോടെ പുതിയ ഏതെങ്കിലും വ്യാപാരം ആരംഭിക്കാമെന്ന കണക്കുകൂട്ടലിലാണ് താൻ വായ്പയെടുക്കാൻ തീരുമാനിച്ചതെന്നും രാജ്കുമാർ പറഞ്ഞു. ആധാർ കാർഡുൾപ്പെടെയുള്ള രേഖകൾ ബാങ്കിൽ ഹാജരാക്കിയിരുന്നതായും തുടർന്നാണ് തനിക്ക് മുമ്പ് അനുവദിച്ച വായ്പ തിരിച്ചടയ്ക്കാത്തതിനാൽ വീണ്ടും അനുവദിക്കാനാകില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയതെന്നും രാജ്കുമാർ പറഞ്ഞു. തനിക്ക് പകരം മറ്റാർക്കാണ് ഇത്രയും വലിയ തുകയുടെവായ്പ ബാങ്ക് നൽകിയതെന്നും ഈ തുക താൻ തന്നെ തിരിച്ചടയ്ക്കേണ്ടി വരുമോയെന്നുമുള്ള ആശങ്കയിലാണ് ഈ പാവം കച്ചവടക്കാരൻ.
from mathrubhumi.latestnews.rssfeed https://ift.tt/3htGPL8
via
IFTTT