ന്യൂഡൽഹി: രാജസ്ഥാനിൽ ഗവർണർ നിയമസഭ വിളിച്ചുചേർത്തില്ലെങ്കിൽ രാഷ്ട്രപതിയെ കാണുമെന്നും വേണ്ടിവന്നാൽ പ്രധാനമന്ത്രിയുടെ വീടിനുമുന്നിൽ പ്രതിഷേധിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗഹ്ലോത്. നിയമസഭ വിളിച്ചില്ലെങ്കിൽ രാജ്ഭവൻ ജനം വളയുമെന്ന് വെള്ളിയാഴ്ച അദ്ദേഹം ഭീഷണിമുഴക്കിയിരുന്നു. നിയമസഭ തിങ്കളാഴ്ച വിളിച്ചുചേർക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇതിനുള്ള കത്തിൽ കൂടുതൽ വിശദീകരണമാവശ്യപ്പെട്ട് ഗവർണർ തിരിച്ചയച്ചിരുന്നു. ഭരണഘടന അനുശാസിക്കുന്നപ്രകാരംമാത്രമേ സഭ വിളിച്ചുചേർക്കൂവെന്നാണ് ഗവർണർ കൽരാജ് മിശ്ര വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രിയെ അറിയിച്ചത്. ഇതോടെ, സംസ്ഥാനത്തെ രാഷ്ട്രീയാനിശ്ചിതത്വം തുടരുമെന്നുറപ്പായി. 21 ദിവസത്തെ നോട്ടീസ് നല്കിയേ സഭ വിളിക്കാനാവുവെന്ന നിലപാട് ഗവർണർ സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ അത്രയുംകാലം തങ്ങളുടെ എം.എൽ.എ.മാരെ ജയ്പുരിലെ ഹോട്ടലിൽ പാർപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസ് എം.എൽ.എ.മാർ വെള്ളിയാഴ്ച രാജ്ഭവനുമുന്നിൽ ധർണയിരുന്നതിൽ ഗവർണർ മുഖ്യമന്ത്രിയെ അതൃപ്തിയറിയിച്ചു. ഭൂരിപക്ഷമുണ്ടെങ്കിൽ തിടുക്കപ്പെട്ട് എന്തിനാണ് വിശ്വാസപ്രമേയം ആവശ്യപ്പെടുന്നതെന്നും ഗവർണർ ചോദിച്ചു. ഇതേത്തുടർന്ന് നിയമസഭാകക്ഷിയോഗവും മന്ത്രിസഭായോഗവും വീണ്ടും വിളിച്ചുചേർത്ത ഗഹ്ലോത് നിയമസഭവിളിക്കുന്നതിന് എല്ലാ വശങ്ങളും വ്യക്തമാക്കി ഗവർണർക്ക് പുതുക്കിയ കത്തുനൽകാൻ തീരുമാനിച്ചു. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽ ബി.ജെ.പി.ക്ക് പങ്കുണ്ടെന്നാരോപിച്ച കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി, രാജ്യത്തെ ജനങ്ങൾക്ക് സത്യമറിയാൻ നിയമസഭ ഉടൻ വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധം രാജ്യവ്യാപകമാക്കാൻ തീരുമാനിച്ചു.തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പണമൊഴുക്കി അട്ടിമറിക്കുന്ന ബി.ജെ.പി. നിലപാടുകൾക്കെതിരേ ഞായർ, തിങ്കൾ ദിവസങ്ങളിൽ ദേശവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്. രാജസ്ഥാനിൽ രാഷ്ട്രീയ അധാർമികപ്രവർത്തനങ്ങൾക്ക് ഗവർണർ ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെപ്പോലും ദുരുപയോഗപ്പെടുത്തുന്നത് ജനങ്ങൾക്കുമുന്നിലെത്തിക്കാനാണിതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. സ്പീക്ക് ഫോർ ഡെമോക്രസി എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഞായറാഴ്ച പ്രചാരണം നടത്തും. തിങ്കളാഴ്ച എല്ലാ സംസ്ഥാനങ്ങളിലും പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ രാജ് ഭവനുകൾക്കുമുന്നിൽ സേവ് ഡെമോക്രസി-സേവ് കോൺസ്റ്റിറ്റിയൂഷൻ എന്ന പേരിൽ പ്രക്ഷോഭവുമുണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യപ്രോട്ടോകോളുകൾ പാലിച്ചായിരിക്കും സമരമെന്ന് വേണുഗോപാൽ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2CH1n4e
via
IFTTT