മാഞ്ചെസ്റ്റർ: സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോർഡിൽ വഴങ്ങിയ ഇൻജുറി ടൈം ഗോളിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് തിരിച്ചടി. സതാംപ്ടണാണ് യുണൈറ്റഡിനെ അവരുടെ മൈതാനത്ത് സമനിലയിൽ (2-2) തളച്ചത്. ലീഗിൽ മൂന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ഇതോടെ യുണൈറ്റഡിന് നഷ്ടമായത്. മത്സരം തുടങ്ങി 12-ാം മിനിറ്റിൽ യുണൈറ്റഡിനെ ഞെട്ടിച്ച് സതാംപ്ടൺ ഒപ്പമെത്തി. സ്റ്റുവർട്ട് ആംസ്ട്രോങ്ങാണ് സന്ദർശകരുടെ ആദ്യ ഗോൾ നേടിയത്. എന്നാൽ 20-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോഡിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. പിന്നാലെ 23-ാം മിനിറ്റിൽ മാർഷ്യലിലൂടെ യുണൈറ്റഡ് ലീഡെടുക്കുകയും ചെയ്തു. ആ ലീഡ് നിലനിർത്തിയ യുണൈറ്റഡിന് പക്ഷേ ഇൻജുറി ടൈമിൽ പിഴച്ചു. ഇൻജുറി ടൈമിന്റെ ആറാം മിനിറ്റിൽ മൈക്കൽ ഒബഫെമിയിലൂടെ സതാംപ്ടൺ സമനില പിടിക്കുകയായിരുന്നു. ബ്രണ്ടൻ വില്യംസിന് പരിക്കേറ്റതോടെ അവസാന മൂന്നു മിനിറ്റോളം 10 പേരുമായാണ് യുണൈറ്റഡ് കളിച്ചത്. അനുവദിച്ചിരുന്ന അഞ്ച് മാറ്റങ്ങളും സോൾഷ്യർ ഉപയോഗിച്ചുകഴിഞ്ഞതോടെയായിരുന്നു ഇത്. സമനിലയോടെ 35 മത്സരങ്ങളിൽ നിന്ന് 59 പോയന്റുമായി യുണൈറ്റഡ് ലീഗിൽ അഞ്ചാമതായി. മാഞ്ചെസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് വിലക്ക് നീങ്ങിയതോടെ ചെൽസിയും ലെസ്റ്ററും യുണൈറ്റഡും തമ്മിൽ ആദ്യ നാലിലെത്താൻ കടുത്ത മത്സരമാണ് നടക്കാൻ പോകുന്നത്. Content Highlights: Southampton late goal hurt Manchester United's Champions League hopes
from mathrubhumi.latestnews.rssfeed https://ift.tt/3eoNX9O
via
IFTTT