കോപ്പൻഹേഗൻ: കോവിഡ്-19 പ്രതിരോധം ഉൾപ്പെടെയുള്ള ഭരണത്തിരക്കുകളിൽ മൂന്നുതവണ വിവാഹം മാറ്റിവെച്ച ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡ്‌റിക്‌സ് ഒടുവിൽ വിവാഹിതയായി. സിനിമാസംവിധായകനും ഫോട്ടോഗ്രാഫറുമായ ബോ തെങ് ബർഗുമായുള്ള മെറ്റെയുടെ വിവാഹം ബുധനാഴ്ചയാണ് നടന്നത്. തെക്കുകിഴക്കൻ ഡെന്മാർക്കിലെ മോയെൻ ദ്വീപിലെ മെഡിയവൽ മാഗ്‌ലെബി പള്ളിയായിരുന്നു വിവാഹ വേദി. വിവാഹ വേഷത്തിലുള്ള ഇരുവരുടെയും ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് മെറ്റെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഡെൻമാർക്കിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി 2019 ജൂൺ 27-നു തിരഞ്ഞെടുക്കപ്പെട്ട മെറ്റ, തിരഞ്ഞെടുപ്പിന്റെ തിരക്കുകളെത്തുടർന്നാണ് കഴിഞ്ഞ വർഷം അവസാനം നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവെച്ചത്. പിന്നീട് കോവിഡ് വ്യാപനവും വിവാഹം മാറ്റിവെക്കുന്നതിന് കാരണമായി. മൂന്നാംതവണ മെറ്റെയ്ക്ക് യൂറോപ്യൻ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടിവന്നതോടെ വിവാഹം നീളുകയായിരുന്നു. മുൻ പ്രധാനമന്ത്രി പൗൾ നയ്‌റുപ് റാസ്‌മുസ്സീൻ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത വിവാഹം രഹസ്യമായിട്ടാണ് നടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/30m3pya
via
IFTTT