മാഡ്രിഡ്: രണ്ട് സീസണുകളുടെ ഇടവേളയ്ക്കു ശേഷം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് ലാ ലിഗ കിരീടം. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് റയൽ കിരീടമുറപ്പിച്ചത്. റയലിന്റെ ചിരവൈരികളായ ബാഴ്സലോണ ഒസാസുനയോട് തോൽക്കുകയും ചെയ്തു. 2016-17 സീസണിനു ശേഷം റയലിന്റെ ലീഗ് വിജയമാണിത്. ലീഗിൽ ഒരു മത്സരം ബാക്കിനിൽക്കെയാണ് സിദാന്റെ കുട്ടികൾ കിരീടം സ്വന്തമാക്കിയത്. റയലിനൊപ്പം സിദാന്റെ രണ്ടാം ലീഗ് കിരീടമാണിത്. 37 മത്സരങ്ങളിൽ നിന്ന് 86 പോയന്റോടെയാണ് റയൽ 34-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ ലാ ലിഗ കിരീടങ്ങൾ എന്ന നേട്ടവും റയലിനു തന്നെയാണ് . രണ്ടാമതുള്ള ബാഴ്സയ്ക്ക് 26 കിരീടങ്ങളാണുള്ളത്. വിയ്യാറയലിനെതിരേ റയലിന്റെ രണ്ടു ഗോളുകളും നേടിയത് കരീം ബെൻസേമയാണ്. 29-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ബെൻസേമ 77-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റയലിന്റെ ലീഡുയർത്തി. ഇതോടെ ലീഗിൽ താരത്തിന്റെ ഗോൾ നേട്ടം 21 ആയി. സ്വന്തം തട്ടകത്തിൽ ബാഴ്സ ഞെട്ടി ജയത്തോടെ റയൽ മാഡ്രിഡ് കിരീടം നേടിയപ്പോൾ ബാഴ്സലോണ തോറ്റു. സ്വന്തം മൈതാനത്ത് ഒസാസുനയാണ് ഒന്നിനെതിരേ രണ്ടു ഗോളിന് ബാഴ്ലയെ തോൽപ്പിച്ചത്. 15-ാം മിനിറ്റിൽ ജോസ് അർണായിസിലൂടെ ഒസാസുന ലീഡെടുത്തു. 62-ാം മിനിറ്റിൽ മെസ്സി ബാഴ്സയെ ഒപ്പമെത്തിച്ചു. എന്നാൽ ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ റോബർട്ടോ ടോറസിലൂടെ ഒസാസുന അവരുടെ വിജയ ഗോൾ കുറിച്ചു. Content Highlights: Real Madrid win La Liga title to extend record 34
from mathrubhumi.latestnews.rssfeed https://ift.tt/30dsjQI
via
IFTTT