Breaking

Wednesday, March 25, 2020

ഉത്തരവാദിത്വമുള്ള പൗരന്‍മാരാകൂ; ലോക്ക് ഡൗണ്‍ നടപടിയെ പിന്തുണച്ച് കോലിയടക്കമുള്ള താരങ്ങള്‍

ന്യൂഡൽഹി: കൊറോണ രോഗ വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസം സമ്പൂർണ അടച്ചിടൽ (ലോക്ക് ഡൗൺ) പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്ക് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയടക്കമുള്ള ക്രിക്കറ്റ് താരങ്ങൾ. കോലിക്കൊപ്പം രവിചന്ദ്രൻ അശ്വിൻ, ഹർഭജൻ സിങ്, ചേതേശ്വർ പൂജാര എന്നിവർ പ്രധാനമന്ത്രിയുടെ നടപടിക്ക് പിന്തുണയറിയിച്ച് ട്വിറ്ററിൽ രംഗത്തെത്തി. 21 ദിവസത്തേക്ക് രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജി പറഞ്ഞപോലെ ദയവായി എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയണമെന്നാണ് എന്റെ അഭ്യർഥന, കോലി ട്വീറ്റ് ചെയ്തു. ഇന്ത്യ, നമുക്കിനി വീടിനുള്ളിൽ കഴിയാമെന്ന് കുറിച്ച അശ്വിൻ അവരവരുടെ അഭിപ്രായങ്ങൾ പറയുന്നതിന് പകരം ഇനിമുതൽ നിർദേശങ്ങൾ അനുസരിക്കാമെന്നും കൂട്ടിച്ചേർത്തു. ഉത്തരവാദിത്വമുള്ള പൗരൻമാരാകൂ എന്ന് ആഹ്വാനം ചെയ്ത ഹർഭജൻ ഈ 21 ദിവസങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണെന്നും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നിർദേശിച്ചതു പോലെ എല്ലാവരും വീടിനുള്ളിൽ തന്നെ കഴിഞ്ഞ് കൊറോണ വൈറസിനെതിരായ പ്രതിരോധത്തിലെ നിങ്ങളുടെ ജോലി ചെയ്യണമെന്ന് ചേതേശ്വർ പൂജാരയും വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി രാജ്യം സമ്പൂർണ അടച്ചിടലിലേക്ക് (ലോക്ക് ഡൗൺ) പോകുകയാണെന്ന് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അർധരാത്രി മുതൽ ഇത് നിലവിൽ വന്നു. ഏപ്രിൽ 14 അർധരാത്രി വരെയാണ് നിലവിലെ ലോക്ക് ഡൗൺ. ഇക്കാലയളവിൽ ജനതാകർഫ്യൂവിനു സമാനമായി ജനങ്ങൾ വീടിനുള്ളിൽ കഴിയണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കുന്നത്. Content Highlights: Virat Kohli and cricket community hails PM Modi's lockdown move


from mathrubhumi.latestnews.rssfeed https://ift.tt/2JfIGEl
via IFTTT