Breaking

Saturday, March 28, 2020

നാടുമുഴുവന്‍ കൊറോണക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ ഇങ്ങനെ ഒരുഅവസ്ഥ വന്നതില്‍വിഷമമുണ്ട്-സുരേഷ്കുറുപ്പ്

കോട്ടയം: കൊറോണ വ്യാപനം തടയുന്നതിനായി സജീവപ്രവർത്തനങ്ങളിൽ കാണാത്തതിൽ വിശദീകരണവുമായി ഏറ്റുമാനൂർ എം.എൽ.എ കെ.സുരേഷ് കുറുപ്പ്. രക്തധമനികളുടെ ആരോഗ്യത്തെ ദുർബലപ്പെടുത്തുന്ന രോഗത്തെ തുടർന്ന് താൻ ചികിത്സയിലാണെന്നും ഡോക്ടർമാരുടെ നിർദേശമനുസരിച്ച് ഏകാന്തവാസത്തിലാണെന്നും സുരേഷ് കുറുപ്പ് അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് രോഗം സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്. നാടു മുഴുവൻ കൊറോണാ രോഗവ്യാപനത്തിനെതിരേ പ്രവർത്തിക്കുന്ന സമയത്ത് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് പറഞ്ഞറിയിക്കാനാവാത്ത വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുരേഷ്കുറുപ്പ് എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം... സുഹൃത്തുക്കളേ, സഖാക്കളേ, ലോകം, ഇതിനു മുൻപൊരിക്കലുമില്ലാത്ത വിധമുള്ള ഒരു വൈറസ് രോഗവ്യാപനത്തെ ധൈര്യപൂർവം നേരിടുന്ന ഈ അവസ്ഥയിൽ ലോകജനതയ്ക്കാകെ മാതൃകയാകുന്ന തരത്തിൽ കേരള സമൂഹവും മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ നേതൃത്ത്വത്തിൽ സർക്കാരും അതീവ ജാഗ്രതയോടെ, ഏകോപനത്തോടെ പ്രവർത്തിക്കുകയാണ്. ഈ വേളയിൽ തികച്ചും വ്യക്തിപരമായ ഒരു കാര്യം, എന്റെ ശാരീരികാവസ്ഥയെ കുറിച്ച്, പറയാനാണ് ഈ കുറിപ്പെഴുതുന്നത്. രക്തധമനികളുടെ ആരോഗ്യത്തെ ദുർബലപ്പെടുത്തുന്ന Vasculitic Neuropathy എന്ന രോഗത്തിനുള്ള തീവ്രചികിത്സയിലാണ് ഈ ദിവസങ്ങളിൽ ഞാൻ. രക്തധമനികൾ ദുർബലപ്പെട്ട് നീർക്കെട്ട് ഉണ്ടാകുന്ന ഈ രോഗം മൂന്നു നാലു കൊല്ലങ്ങളായി കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ അസംബ്ലി സമ്മേളനത്തിനിടയിൽ പാർടിയിൽ നിന്നും അനുവാദത്തോടെ അവധിയെടുത്ത് അടിയന്തിര ചികിത്സക്കായി വെല്ലൂർ ആശുപത്രിയിൽ പോകേണ്ടി വന്ന ഞാൻ കഴിഞ്ഞ ദിവസം തിരികെ ഏറ്റുമാനൂരെത്തി. ചികിത്സയുടെ പാർശ്വഫലമെന്നോണം blood count ക്രമാതീതമായി കുറഞ്ഞതിനാൽ എന്റെ രോഗ പ്രതിരോധ ശേഷി തുലോം കുറവാണെന്നാണ് കോട്ടയം മെഡിക്കൽ കോളെജിൽ എന്നെ പരിശോധിക്കുന്ന ഡോക്ടർമാർ പറയുന്നത്. അതിനാൽ കുറച്ചു ദിവസത്തേക്ക് പൂർണമായ ഏകാന്തവാസത്തിന് അവർ വൈദ്യ വിധി കൽപിച്ചിരിക്കുകയാണ്. നാടു മുഴുവൻ കൊറോണാ രോഗവ്യാപനത്തിനെതിരേ പ്രവർത്തിക്കുന്ന സമയത്ത് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത വിഷമമുണ്ട്. കേരളം കൊറോണയെ പരാജയപ്പെടുത്തുമെന്ന കാര്യത്തിൽ നമുക്ക് സംശയമില്ല. അത് നമ്മുടെ നിശ്ചയദാർഢ്യമാണ്. പൊതുരംഗത്തേക്കിറങ്ങാൻ ഡോക്ടർമാർ അനുവദിക്കുന്ന നിമിഷത്തിൽ തന്നെ ഞാൻ നിങ്ങളോടൊപ്പമുണ്ടാകും. Content Highlights:corona-K. Suresh Kurup mla facebook post


from mathrubhumi.latestnews.rssfeed https://ift.tt/33SCXhl
via IFTTT