Breaking

Tuesday, March 31, 2020

ഡല്‍ഹി പലായനം; അന്നം വിളമ്പി മലയാളി കൈകള്‍

ഡൽഹിയിൽ പലായനം ചെയ്യുന്നവർക്ക് ഭക്ഷണം നൽകുന്ന മലയാളികൾ കൊച്ചി: ധോടാ ഓർ പാനി ദീജിയേ, ഹമേ സിർഫ് പാനി ചാഹിയേ... (കുറച്ചുകൂടി വെള്ളം തരാമോ, ഞങ്ങൾക്ക് വെള്ളം മാത്രം മതി) രോഗഭയത്തിനുമപ്പുറം വിശപ്പടക്കാൻ വേണ്ടിയുള്ളതുമായ ഡൽഹിയിലെ പലായനത്തിൽ ഭക്ഷണവുമായെത്തിയവരോട് അവർക്ക് പറയാൻ ഇതേയുണ്ടായിരുന്നുള്ളു. തൊഴിൽ ഇല്ലാതെ കിടന്ന് മരിക്കുന്നതിലും നല്ലത് നാട്ടിലേക്ക് മടങ്ങുന്നതാണ്. അതുകൊണ്ടാണ് ഞങ്ങൾ വീട്ടിലേക്ക് പോകുന്നത്. അവരുടെ കൈകളിൽ ആകെയുള്ളത് ഭഗവാൻ ഫലാ കരേ (ദൈവം നിങ്ങളെ രക്ഷിക്കട്ടെ) എന്ന അനുഗ്രഹ വാക്കുകൾ മാത്രമാണ്. ബിസ്കറ്റും വെള്ളവും കിട്ടുമ്പോൾ എന്റെ അനിയന് കൂടി തരാമോ എന്നു ചോദിച്ച് വാങ്ങിപ്പോകുന്ന കുഞ്ഞിക്കണ്ണുകളിലെ തിളക്കവും ഭക്ഷണം കൈകളിൽ എത്തുമ്പോൾ അവരുടെ മുഖത്ത് വിടരുന്ന ചിരിയും മറക്കാൻ കഴിയുന്നില്ലെന്ന് കോട്ടയം സ്വദേശിയായ ജിബിൻ പി. ചാക്കോ പറയുന്നു. വെറും രണ്ട് ദിവസമെ ഭക്ഷണം കൊടുക്കാൻ കഴിഞ്ഞുള്ളു. തിങ്കളാഴ്ച ഭക്ഷണം നൽകാനായി ഇറങ്ങാൻ തുടങ്ങിയെങ്കിലും പോലീസ് നടപടികൾ കടുപ്പിച്ചതിനാൽ ഒന്നിനും കഴിഞ്ഞിട്ടില്ല. അടുത്ത ദിവസം ഭക്ഷണപ്പൊതികളുമായി ഇറങ്ങണമെന്നാണ് ആഗ്രഹം. ഏറ്റവും മോശം അവസ്ഥയായിരുന്നു ശനിയാഴ്ച കാണാൻ കഴിഞ്ഞത്, ചെറിയ കുട്ടികൾ പോലും വിശപ്പ് സഹിച്ച് വെയിലത്ത് നടന്നുപോകുന്ന കാഴ്ചകൾ. മാത്രമല്ല ഇപ്പോൾ ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്, അവരൊക്കെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നാണ് വിചാരിക്കുന്നത്. ആനന്ദവിഹാർ എത്തുകയെന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം, അവിടെ നിന്ന് ഇവരുടെ നാടുകളിലേക്ക് എത്താം. എന്നാൽ ഇവരിൽ പലർക്കും ഐ.ഡി. കാർഡ് പോലുമില്ലാത്തതാണ് യാത്രയെ ദുഷ്കരമാക്കുന്നതെന്ന് ജിബിൻ പറഞ്ഞു. ഡൽഹിയിൽ നഴ്സുമാരായ വിമൽ മാത്യു, സിജിൻ ജേക്കബ്, ഹെൽത്ത് കെയർ ജീവനക്കാരനായ ക്ലിന്റ് ജോണി, ജിബിൻ എന്നിവർ ചേർന്നാണ് ഡൽഹിയിൽ കൂട്ട പലായനം നടത്തുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നത്. ഇങ്ങനെയൊരു കാര്യം ചെയ്യുന്നതിനെ പറ്റി ഇവർ കൂടി അംഗങ്ങളായിട്ടുള്ള ഇരിട്ടി ഗ്രാമദീപം എന്ന ഫെയ്സ്ബുക്ക് പേജിൽ അറിയിച്ചിരുന്നു. തുടർന്ന് ഗ്രൂപ്പിലെ അംഗങ്ങളും ഇവരുടെ അടുത്ത സുഹൃത്തുക്കളും ചേർന്ന് പണം സ്വരൂപിച്ച് അയച്ചുകൊടുക്കുകയായിരുന്നു. ഈ തുക ഉപയോഗിച്ച് സരായ് ജൂലിയാനയിലുള്ള സൂപ്പർമാർക്കറ്റിൽനിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങിയാണ് ഇവർ ആളുകളിലേക്ക് എത്തിച്ചത്. Content Highlight: Delhi migrant workers exodus: Malayalees distribute food


from mathrubhumi.latestnews.rssfeed https://ift.tt/2Us3WwS
via IFTTT