ന്യൂഡൽഹി: പ്രശസ്ത ചിത്രകാരനും ശില്പിയും എഴുത്തുകാരനുമായ സതീഷ് ഗുജ്റാൾ (94) അന്തരിച്ചു. മുൻപ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ സഹോദരനാണ്. 1999-ൽ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1925-ൽ പാകിസ്താനിലായിരുന്നു ജനനം. ലഹോറിലെ മയോ ആർട്സ് സ്കൂൾ, മുംബൈയിലെ ജെ.ജെ. സ്കൂൾ ഓഫ് ആർട്സ് എന്നിവിടങ്ങളിലായിരുന്നു ചിത്രകലാപഠനം. 1952-ൽ മെക്സിക്കോയിലെ പാൽസിയോ ഡി ബെല്ലാസ് ആർട്സിൽ സ്കോളർഷിപ്പ് ലഭിക്കുകയും ഇവിടെ പ്രമുഖ ചിത്രകാരൻമാരായ ഡിയാഗോ റിവേറ, ഡേവിഡ് അൽഫ്രോ സ്കറിയോസ് എന്നിവരുടെ ശിഷ്യനുമായി. ഇന്ത്യൻവിഭജനകാലത്തും അടിയന്തരാവസ്ഥക്കാലത്തും ഉത്തരാധുനിക ചിത്രകലാശൈലികൊണ്ട് ശ്രദ്ധേയനായി. 1952 മുതൽ 74 വരെയുള്ള കാലത്ത് ന്യൂയോർക്ക്, മോൺട്രിയോൾ, ബെർലിൻ, ടോക്യോ തുടങ്ങിയ നഗരങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. കെട്ടിടരൂപകല്പനയിലും സതീഷ് ഗുജ്റാൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായിരുന്നു. അദ്ദേഹം രൂപകല്പനചെയ്ത ഡൽഹിയിലെ ബെൽജിയം എംബസി കെട്ടിടത്തെ ഇൻർനാഷണൽ ഫോറം ഓഫ് ആർട്ടിസ്റ്റ് ഇരുപതാംനൂറ്റാണ്ടിലെ ഉത്കൃഷ്ട കെട്ടിടങ്ങളിലൊന്നായി തിരഞ്ഞെടുത്തിരുന്നു. ഭാര്യ: കിരൺ. മക്കൾ: മോഹിത് ഗുജറാൾ, അൽപനാ ഗുജ്റാൾ, രസീൽ ഗുജ്റാൾ. Content Highlight: satish gujral passed away
from mathrubhumi.latestnews.rssfeed https://ift.tt/3dx7BRI
via
IFTTT