Breaking

Tuesday, March 31, 2020

അതിർത്തിയിൽ രോഗികളുടെയും മരുന്നുകളുടെയും കൈമാറ്റം

തലപ്പാടി: കേരളത്തിൽനിന്നുള്ള രോഗികളെയും കൊണ്ടുവരുന്ന ആംബുലൻസ് കർണാടക പോലീസ് തടഞ്ഞ് തിരിച്ചയയ്ക്കുന്ന തലപ്പാടിയിൽ ഇപ്പോൾ നടക്കുന്നത് രോഗികളുടെയും മരുന്നുകളുടെയും കൈമാറ്റം. മംഗളൂരു ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്ന രോഗികളെ അവിടത്തെ ആംബുലൻസിൽ കർണാടക അതിർത്തിവരെ എത്തിക്കും. ഇപ്പുറത്ത് കേരള അതിർത്തിയിൽ മറ്റൊരു ആംബുലൻസ് കാത്തുനിൽക്കും; മംഗളൂരുവിൽനിന്ന് പുറപ്പെടുന്നതിനുമുമ്പുതന്നെ ഏർപ്പാടുചെയ്തത്. അതിലേക്ക് നടന്നുകയറും. അതിനിടയിൽ കർണാടക പോലീസിന്റെ ഭീഷണിയും ചോദ്യം ചെയ്യലും. മംഗളൂരുവിൽനിന്ന് അത്യാവശ്യം വേണ്ട മരുന്നുകൾ എത്തിക്കുന്നതും കൈമാറ്റത്തിലൂടെയാണ്. അവിടന്ന് ഒരാൾ കൊണ്ടുവരും. കേരള അതിർത്തിയിൽ മറ്റൊരാൾ കാത്തുനിൽക്കും. പോലീസ് ചോദ്യം ചെയ്യലിനുശേഷം കൈമാറും. ഇരുകൂട്ടരും നിമിഷങ്ങൾക്കകം സ്ഥലം കാലിയാക്കും. ഇത്തരം നിരവധിപേരെ തലപ്പാടിയിൽ കാണാം. താമരശ്ശേരി പരപ്പംപൊയിലിലെ നിഷാദ്-സാജിദ ദമ്പതിമാരുടെ മകൻ എട്ടുവയസ്സുള്ള നിസാമിനെ പനികൂടി യേനപ്പോയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 18-നായിരുന്നു. ''ഞായറാഴ്ച ഡിസ്ചാർജ് ചെയ്തെങ്കിലും പോരാൻ പറ്റിയില്ല. കണക്ഷൻ ആംബുലൻസ് ശരിയായില്ല''. ഫോണിലൂടെ നിഷാദ് മാതൃഭൂമിയോട് പറഞ്ഞു. കണ്ണൂർ കക്കാട് കുഞ്ഞിപ്പള്ളിയിലെ ഹനീഫ് -ബാനു ദമ്പതിമാരുടെ മകൾ പല്ലിന്റെ ചികിസയ്ക്ക് രണ്ടുമാസമായി ഹെഗ്ഡെ ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച ഇവരെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു; ഈ ആശുപത്രി കൊറോണ ചികിത്സയ്ക്കായി ഏറ്റെടുക്കുകയാണെന്ന് പറഞ്ഞ്. ഇവരും തലപ്പാടിവരെ ഒരു ആംബുലൻസിൽ വന്നു. കേരളത്തിൽ കടന്ന് മറ്റൊന്നിൽ നാട്ടിലേക്ക് പോന്നു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ മുഹമ്മദ് അഷറഫ് നട്ടുച്ചയ്ക്ക് അതിർത്തിയിൽ കാത്തുനിന്നത് നാലുവയസ്സുകാരനായ മകന്റെ മരുന്ന് വാങ്ങാനായിരുന്നു. ജന്മനാ വൃക്കയ്ക്ക് തകരാറുള്ള മകന് ഫാദർ മുള്ളർ ആശുപത്രിയിലാണ് ചികിത്സ. തുടർച്ചികിത്സയ്ക്ക് അതിർത്തി കടക്കാൻ പറ്റാത്തതുകൊണ്ട് ഫോണിൽ ബന്ധപ്പെട്ടു. അത്യാവശ്യ മരുന്നുകൾ അവർ ഒരാളുടെ പക്കൽ കൊടുത്തുവിടാൻ സമ്മതിച്ചു. മരുന്നുമായി എത്തിയ ആൾ ആദ്യം പോലീസിൽ റിപ്പോർട്ട് ചെയ്തു. അഷ്റഫിനെ അവിടേക്ക് വിളിപ്പിച്ചു. മരുന്നു കൈമാറുമ്പോൾ പോലീസ് വല്ലാതെ ഭയപ്പെടുത്തുന്നത് ദൂരെനിന്ന് കാണാമായിരുന്നു. വിട്ടയച്ചപ്പോൾ ഓടിവന്ന് വാഹനത്തിൽ കയറുന്നതിനിടെ അഷ്റഫ് പറഞ്ഞു-''ഇത് വല്ലാത്ത ക്രൂരതയാണ്''.


from mathrubhumi.latestnews.rssfeed https://ift.tt/39opkHK
via IFTTT