ലോസ് ആഞ്ചലിസ്: വളർത്തുനായയെ ഡ്രൈവിങ് പഠിപ്പിക്കാൻ ശ്രമിച്ച ഉടമ കാറുൾപ്പെടെ പോലീസ് കസ്റ്റഡിയിൽ. അമിതവേഗത്തിലായിരുന്ന കാർ മറ്റ് രണ്ട് വാഹനങ്ങളിലിടിച്ച് അപകടമുണ്ടാക്കിയ വിവരമറിഞ്ഞ് കാർ തടഞ്ഞു നിർത്തിയ പോലീസ് ഡ്രൈവിങ് സീറ്റിൽ കണ്ടത് പിറ്റ്സ് ബുൾ ഇനത്തിൽ പെട്ട നായയെയായിരുന്നു. സ്വന്തം നായയെ ഡ്രൈവിങ് പഠിപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലായിരുന്ന ഉടമ പാസഞ്ചർ സീറ്റിലായിരുന്നു ഇരുന്നത്. 160 കിലോമീറ്ററായിരുന്നു കാറിന്റെ വേഗത. പോലീസിന്റെ എമർജൻസി സർവീസ് വിഭാഗത്തിലേക്ക് വിവരമറിയിച്ച് തുടരെത്തുടരെ കോളുകൾ വന്നതിനെ തുടർന്നാണ് എത്തിയതെന്ന് പോലീസുദ്യോഗസ്ഥയായ ഹെതർ ആക്സ്റ്റ്മാൻ അറിയിച്ചു. ഡ്രൈവിങ് സീറ്റിൽ നായയെ കണ്ടെത്തിയ പോലീസ് സംഘം അമ്പരന്നുവെന്നും ഇവർ പറഞ്ഞു. കാറിന്റേയും നായയുടേയും ഉടമയായ അമ്പത്തൊന്നുകാരൻ ആൽബർട്ടോ ടിറ്റോ അലജാൻഡ്രോയെ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന്റെ ലഹരിയിലായിരുന്ന ഇയാൾക്കെതിരെ ലഹരിയുപയോഗിച്ച് വാഹനമോടിച്ചതുൾപ്പെടെ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നായയെ കാറോടിക്കാൻ പഠിപ്പിക്കുകയായിരുന്നുവെന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ ആൽബർട്ടോ പറഞ്ഞതായി ഹെതർ പറഞ്ഞു. നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുമ്പോൾ അവർ പലതരത്തിലുള്ള ഒഴിവുകഴിവുകൾ പറയാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് തന്റെ പത്ത് കൊല്ലത്തെ ഔദ്യോഗിക ജീവിതത്തിൽ ആദ്യമാണെന്ന് ഹെതർ കൂട്ടിച്ചേർത്തു. നായയെ സുരക്ഷിതമായി മൃഗസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയതായും അവർ അറിയിച്ചു. Content Highlights: Man Tries To Teach Dog How To Drive Car Arrested
from mathrubhumi.latestnews.rssfeed https://ift.tt/39Bt9cR
via
IFTTT