കൊച്ചി: ആറ്റുനോറ്റു പിറന്ന കൺമണിയെ ഒരു നോക്ക് കണ്ട് മടങ്ങിയതാണ് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്. പിന്നെ പോകാനായിട്ടില്ല കുഞ്ഞിനടുത്തേക്ക്. അച്ഛനെത്തിയിട്ടു വേണ്ടേ കുഞ്ഞിനു പേരിടാൻ! മറ്റു ചടങ്ങുകൾക്കും. കാത്തിരിക്കുകയാണ് കളക്ടറുടെ കുടുംബം ബെംഗളൂരുവിൽ. ഫെബ്രുവരി ആറിനാണ് സുഹാസ് അച്ഛനായത്. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു കടിഞ്ഞൂൽ പുത്രിയുടെ ജനനം. ഭാര്യ ഡോ. വൈഷ്ണവിയും മകളും ബെംഗളൂരുവിലെ വീട്ടിൽ. ഇരുവരും ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് ഫെബ്രുവരി എട്ടിന് എറണാകുളത്തേക്ക് പോന്നതാണ് കളക്ടർ. പിന്നെ മകളെ കാണാനായി ബെംഗളൂരുവിലെ വീട്ടിലേക്ക് പോകാനേ ആയിട്ടില്ല. മകളുടെ പേരിടൽ ചടങ്ങ് അടക്കം മാറ്റിവെച്ചിരിക്കുകയാണ്.എറണാകുളത്തേക്ക് മടങ്ങിയെത്തിയതോടെ കൊറോണ തലയുയർത്തിത്തുടങ്ങി. മാർച്ച് മൂന്നിന് കൊച്ചി എയർപോർട്ടിൽ എത്തുന്ന എല്ലാവരെയും പരിശോധന തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരുന്നു അത്. വൈറസ് ഭീതി അകറ്റിയിട്ടു വേണം ഇനി ബെംഗളൂരുവിലെ വീട്ടിലെത്തി കുഞ്ഞിനെയും അമ്മയെയും കാണാൻ. ഈ സമയത്ത് അവിടെയുണ്ടായിരുന്നെങ്കിൽ കൊള്ളാം എന്ന് ആഗ്രഹമൊക്കെയുണ്ട് കളക്ടർക്കും. പക്ഷേ, നാട്ടിലെ കാര്യങ്ങൾ അതിലും വലുതാണല്ലോ... ഒരു മന്ദഹാസത്തോടെ സുഹാസ്.
from mathrubhumi.latestnews.rssfeed https://ift.tt/2xvslsh
via
IFTTT