Breaking

Saturday, March 28, 2020

ഫെബ്രുവരി 20-നുശേഷം പുറത്തുനിന്ന് കാസർകോട്ടെത്തിയവർ മുറികളിൽ കഴിയണം

കാസർകോട്: ഫെബ്രുവരി 20-നുശേഷം സംസ്ഥാനത്തിനു പുറത്തുനിന്ന് കാസർകോട്ടെത്തിയ മുഴുവനാളുകളും വീട്ടിൽ സ്വയംനിരീക്ഷണത്തിൽ തനിച്ച് മുറികളിൽ കഴിയണം. കാസർകോട് ജില്ലയിൽ 34 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇങ്ങനെ ഉത്തരവിട്ടത്.വീട്ടിൽ മറ്റാരുമായും സമ്പർക്കംപാടില്ലെന്ന് കളക്ടർ ഡോ. ഡി. സജിത് ബാബു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. 82 രോഗികളാണു ജില്ലയിലുള്ളത്. ഇവരെല്ലാം കാസർകോട് ജനറൽ ആശുപത്രിയിലാണ്. ഇവർക്കുപുറമേ, 6,085 പേർ നിരീക്ഷണത്തിലും 103 പേർ ഐസൊലേഷൻ വാർഡിലുമാണ്. 308 പേരുടെ പരിശോധനഫലം വരാനുണ്ട്. വിദേശത്തുനിന്ന് 4000-ഓളം പേർ കാസർകോട്ടേക്ക് എത്തിയിട്ടുണ്ടെന്നിരിക്കെ,‚ 300-ഓളം പേർക്ക് ചികിത്സ ഒരുക്കേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. കൊറോണ ആശുപത്രിയായി പ്രഖ്യാപിച്ച ജനറൽ ആശുപത്രിയിലെ പ്രസവവാർഡ് ഒഴിവാക്കി അവിടെയും കൊറോണരോഗികളെ കിടത്താൻ സൗകര്യമൊരുക്കുന്നുണ്ട്. ഇതിനുപുറമേ മാലിക് ദീനാർ ആശുപത്രിയിലെ 11 മുറികളും ഒരു ഹാളും സജ്ജമാക്കി. അണങ്കൂർ കെയർവെൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർ ഉടൻ ജോലിക്കു ഹാജരാകണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇവിടത്തെ ഒരുനിലയിലെ എട്ടു മുറികൾ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നു. പെരിയ കേന്ദ്രസർവകലാശാലയിലെ ഹോസ്റ്റലുകൾ ചികിത്സയ്ക്കു സൗകര്യങ്ങളൊരുക്കാൻ ജില്ലാഭരണകൂടം ഏറ്റെടുത്തു. അതേസമയം, പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷവും വിദേശത്തുനിന്ന് വന്നവരാണെന്ന ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടവും ജനങ്ങളും. നിലവിലെ സാഹചര്യത്തിൽ രോഗം പ്രതിരോധിക്കാനാകുമെന്ന് പോലീസിന്റെ നടപടികൾക്ക് മേൽനോട്ടം വഹിക്കാനെത്തിയ എറണാകുളം സിറ്റിപോലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/39vjWCR
via IFTTT