തളിപ്പറമ്പ്: പുതിയ കാർ വാങ്ങിയ ആവേശത്തിൽ ലോക്ക്ഡൗൺ വകവെക്കാതെ കാസർകോട്ടുനിന്നു യാത്രയാരംഭിച്ച ആലമ്പാടിയിലെ ടി.എച്ച്.റിയാസി(38)നെ മാലൂരിൽവെച്ച് പോലീസ് പിടികൂടി. കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷമാണ് സംഭവം. പുതിയ കാർ വാങ്ങിയശേഷം റോഡിലിറക്കാനാകാതെ വിഷമിച്ച റിയാസ് നിർദേശങ്ങൾ ചെവിക്കൊണ്ടില്ല. രജിസ്ട്രേഷൻ നടപടി പൂർത്തിയാകാത്തതിനാൽ കാറിന് നമ്പരും ലഭിച്ചില്ല. വാഹനത്തിന്റെ അമിതവേഗംകണ്ട് വഴിയിൽ കൈകാണിച്ച പോലീസുകാർക്കൊന്നും മുഖംകൊടുക്കാതെയായിരുന്നു യാത്ര. തളിപ്പറമ്പ് സംസ്ഥാനപാതയിൽവെച്ചും പോലീസ് കാർ തടയാൻ ശ്രമിച്ചു. എന്നാൽ, നിർത്താതെപോയ കാർ ആലക്കോട് ഭാഗത്തും പിന്നീട് പരിയാരം ഭാഗത്തും വട്ടംകറങ്ങി. ഒടുവിൽ ശ്രീകണ്ഠപുരത്തേക്ക് യാത്രതുടർന്നു. ഇതിനിടെ തളിപ്പറമ്പിൽനിന്ന് മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നു. പോലീസുകാർ മറ്റൊരു വാഹനത്തിൽ റിയാസിനെ പിന്തുടരുകയും ചെയ്തു.ശ്രീകണ്ഠപുരത്തും ഇരിട്ടിയിലും പോലീസ് കാർ തടഞ്ഞുനിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ മാലൂരിൽ റോഡിനുകുറകെ മറ്റൊരു വാഹനമിട്ട് റിയാസിനെ കുടുക്കി. കസ്റ്റഡിയിലെടുക്കാൻ ബലപ്രയോഗം വേണ്ടിവന്നു. ഇതിനിടെ സ്ഥലത്തെത്തിയവരിൽ ചിലർ കാറിന് കേടുവരുത്തി. വാഹനം നിർത്താതെപോയതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തശേഷം ഇയാളെ വിട്ടയച്ചു. കാർ തളിപ്പറമ്പ് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. റിയാസിന്റെ പേരിൽ നേരത്തേയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2JouSXZ
via
IFTTT