Breaking

Saturday, March 28, 2020

ചിത്തരഞ്ജൻ വിശന്നുകരഞ്ഞ് സ്‌റ്റേഷനിലെത്തി; ശ്രീനിവാസൻ അന്നമെത്തിച്ചു

ഫറോക്ക്: ''സാർ മേ ചിത്തരഞ്ജൻ ബംഗാളി, ഏക് ഔർ ആധാദിൻ ഹോ ഗയാ മുജേ ഖാനേ കേലിയേ മിൽക്കർ''. നല്ലളം പോലീസ് സ്റ്റേഷനിലെത്തിയ ബംഗാളി സ്വദേശി ചിത്തരഞ്ജൻ വിശന്നുവലഞ്ഞ് കരഞ്ഞുകൊണ്ട് അഭ്യർഥിച്ചു. ഒന്നരദിവസമായി ഭക്ഷണം കഴിച്ചിട്ട്. ഇതു കേട്ടയുടൻ നല്ലളം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ശ്രീനിവാസൻ ചിത്തരഞ്ജന് ഭക്ഷണം വാങ്ങിനൽകാൻ ഏർപ്പാടുചെയ്തു. താൻ മാത്രമല്ല, അരീക്കാട്ടെ വാടകവീട്ടിൽ തന്നെപ്പോലെ ഇരുപത്തിയഞ്ചുപേർ വേറെയുമുണ്ടെന്ന് ചിത്തരഞ്ജൻ പറ്ഞ്ഞു. തുടർന്ന് ഇവർക്ക് താത്കാലിക ആശ്വാസമെന്നരീതിയിൽ ഫറോക്ക് കോളേജിലുള്ള തന്റെ നാട്ടുകാരനായ ഹോട്ടൽ നടത്തിപ്പുകാരൻ ബിജുവിനോട് കുറച്ച് ഭക്ഷണം ഉണ്ടാക്കിനൽകാൻ എ.എസ്.ഐ. പറഞ്ഞു. ബിജുവും കുടുംബവും ഇവർക്കുവേണ്ട ഭക്ഷണം ഉച്ചയോടെ തയ്യാറാക്കി. ഗുഡ്സ് ഓട്ടോയിൽ നല്ലളം സ്റ്റേഷനിൽ ഭക്ഷണമെത്തിച്ചു. നല്ലളം സ്റ്റേഷൻ ഓഫീസർ എം.കെ. സുരേഷ് കുമാറും, എസ്.ഐ. മുസ്തഫയും ശ്രീനിവാസനും ചേർന്ന് ബംഗാളികൾ താമസിക്കുന്ന അരീക്കാട്ടെ വാടകവീട്ടിലെത്തി ഭക്ഷണം നൽകി. അതിനിടെ, തൊട്ടടുത്ത വിട്ടിൽനിന്ന് ഇരുപതോളംവരുന്ന ബംഗാളി സ്വദേശികൾ പാത്രവുമായെത്തി. അവരും ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു. കൊണ്ടുവന്ന ഭക്ഷണം അവർക്കെല്ലാം വീതിച്ചുനൽകുകയും വൈകീട്ടോടെ ഒരു ചാക്ക് അരിയും ഇവർക്കായി ഏർപ്പാടാക്കി. സമ്പൂർണ ലോക് ഡൗൺ നിലവിൽവന്നതോടെ ജോലിയില്ലാതായതാണ് മറുനാടൻ തൊഴിലാളികൾ പട്ടിണിയിലേക്കെത്തിയത്. സ്പോൺസർമാരില്ലാതെ നാടൻജോലിചെയ്ത് കഴിയുന്നവരാണ് ഈ ബംഗാളികൾ. എല്ലാവരും ചേർന്ന് അരീക്കാട് വാടകവീടെടുത്താണ് കഴിയുന്നത്. രാവിലെ അരീക്കാട് അങ്ങാടിയിലെത്തുന്ന ഇവരെ ജോലിക്കാവശ്യമുള്ളവർ ഇരുചക്രവാഹനത്തിലും മറ്റും കൊണ്ടുപോവുകയാണ് പതിവ്. Content Highlight: Police officer helped hungry migrant worker


from mathrubhumi.latestnews.rssfeed https://ift.tt/2JmW7T2
via IFTTT