വാഷിങ്ടൺ: വ്യാഴാഴ്ച ഏറ്റവുമധികം പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ചൈനയേയും ഇറ്റലിയേയും മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്ക ഒന്നാമതായി. 16,000 ത്തിലധികം പേർക്കാണ് ഒറ്റദിവസം അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. നിലവിലെ കണക്കനുസരിച്ച് 81,378 പേർക്കാണ് അമേരിക്കയിൽ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലും ഇറ്റലിയിലും രോഗികളുടെ എണ്ണം യഥാക്രമം 81,285, 80,539 എന്നിങ്ങനെയാണ്. യുഎസിൽ രോഗബാധയാൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് മരണസംഖ്യ ഉയരുന്നത്. വൈറസ്ബാധ ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ രോഗവ്യാപനനിരക്ക് കുറഞ്ഞതായാണ് റിപ്പോർട്ട്. അതേ സമയം ലോകത്താകമാനം രോഗബാധിതതരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു. കൊറോണബാധ യുഎസിന്റെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പത്തുലക്ഷത്തിലധികം പേർക്ക് തൊഴിലവസരം നഷ്ടമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനയ്ക്കും ഇറ്റലിയ്ക്കും ശേഷം കൊറോണവൈറസിന്റെ പ്രഭവകേന്ദ്രം യുഎസ് ആയിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂയോർക്കിലാണ് ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചിട്ടുള്ളത്. രോഗികളെ ചികിത്സിക്കുന്നതിന് മതിയായ സൗകര്യമൊരുക്കുന്നില്ലെന്ന് ഭരണകൂടത്തിനെതിരെ ജനങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. ചികിത്സാസൗകര്യമൊരുക്കാനും വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികൾക്കുമായി രണ്ട് ട്രില്യൺ ഡോളർ സർക്കാർ അടിയന്തരസാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ബില്ല് സെനറ്റ് ഇന്ന് പാസാക്കും. Content Highlights: US Tops World In Coronavirus Cases, Overtaking China, Italy
from mathrubhumi.latestnews.rssfeed https://ift.tt/3byfRyP
via
IFTTT