Breaking

Saturday, March 28, 2020

പുറത്തിറങ്ങുന്നവർ അറിയണം, അനുജത്തിയെ അവസാനമായി കാണാൻ കൊതിച്ച ചേച്ചിയുടെ കഥ

മൂന്നാർ: വിലക്ക് ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരുണ്ടോ? എങ്കിൽ അവരറിയാൻ ദേവികുളം സബ്കളക്ടർ എസ്. പ്രേംകൃഷ്ണൻ മൂന്നാറിലെ ഒരു സംഭവകഥ പറയും. മരിച്ചുപോയ അനുജത്തിയെ അവസാനമായി കാണാനാഗ്രഹിച്ച്, ഒടുവിൽ നാടിന്റെ നന്മയെ കരുതി അതു വേണ്ടെന്നുവെച്ച സഹോദരിയുടെ കഥ. സാമൂഹികമാധ്യമത്തിലൂടെയാണ് കഥ പങ്കുവെച്ചത്. മൂന്നാറിലാണു സംഭവം നടന്നത്. ദീർഘനാളായി രോഗബാധിതയായിരുന്ന പന്ത്രണ്ടുകാരി വ്യാഴാഴ്ച രാവിലെ മരിച്ചു. തമിഴ്നാട്ടിൽ പഠിച്ചിരുന്ന ചേച്ചി പനി ബാധിച്ചതിനാൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ അമ്മാവന്റെ വീട്ടിലായിരുന്നു. സഹോദരിയെ അവസാനമായി കാണണമെന്ന് അവൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോഗസ്ഥർ ഈ വിവരം ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണനെ അറിയിച്ചു. സങ്കടത്തിലായ സബ്കളക്ടർ ഒടുവിൽ പെൺകുട്ടിയുടെ ആഗ്രഹം നടപ്പാക്കാനായി മുഖാവരണങ്ങളും മറ്റ് ശരീരാവരണങ്ങളും ധരിപ്പിച്ച് പോലീസ് അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ, ഇതിനിടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വിളിവന്നു. പെൺകുട്ടി തന്റെ ആഗ്രഹത്തിൽനിന്നു പിൻമാറിയിരിക്കുന്നു. സർ, എനിക്ക് ഇപ്പോൾ കൊറോണ ലക്ഷണങ്ങൾ ഒന്നുമില്ല, പക്ഷേ ഉള്ളിൽ കിടപ്പുണ്ടെങ്കിലോ? താൻ കാരണം അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവർ അപകടത്തിലാകില്ലേ, അതുകൊണ്ട് താൻ പോകുന്നില്ല, പിൻമാറുകയാണ്. ഉള്ളുപൊള്ളിക്കുന്നതായിരുന്നു ആ വാക്കുകൾ. ചേച്ചിയുടെ അസാന്നിധ്യത്തിൽ വ്യാഴാഴ്ച വൈകീട്ട് അനുജത്തിയുടെ ശവസംസ്കാരചടങ്ങുകൾ നടന്നു. ഇക്കാര്യം പറഞ്ഞശേഷം പ്രേംകൃഷ്ണൻ ഇങ്ങനെകൂടി കുറിക്കുന്നു- 'ലോക് ഡൗൺ കാലത്ത്, പഴം വാങ്ങാനാ, പൈസാ എടുക്കാനാ, ഇവിടെ അടുത്തുവരെ അല്ലേ, ഞാൻ മാത്രമാണോ പുറത്തിറങ്ങുന്നത് തുടങ്ങിയ മുടന്തൻന്യായങ്ങൾ പറയുന്നവർ അറിയണം. സ്വന്തംഅനുജത്തിയെ അവസാനമായിപോലും കാണേണ്ടെന്ന് തീരുമാനിച്ചവരും ഇവിടെയുണ്ടെന്ന്.' Content Highlights: Facebook post of Devikulam sub collector


from mathrubhumi.latestnews.rssfeed https://ift.tt/2Jnm057
via IFTTT