Breaking

Tuesday, March 31, 2020

നാട്ടിലെത്താനുള്ള നെട്ടോട്ടത്തിനിടെ വഴിയിൽ മരിച്ചത് ഇരുപതിലേറെ പേർ

ന്യൂഡൽഹി: രാജ്യത്ത് അടച്ചിടൽ പ്രഖ്യാപിച്ചശേഷം ഏതുവിധേനയും നാട്ടിലെത്താൻ പുറപ്പെട്ട അതിഥിത്തൊഴിലാളികളിൽ 22 പേർ വഴിയാത്രയ്ക്കിടെ മരിച്ചു. ഞായറാഴ്ച ആഗ്രയിൽ മരിച്ച മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് ഒടുവിലത്തെയാൾ. നടന്നും ഉള്ള വണ്ടിപിടിച്ചുമുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടുമാണ് മരണങ്ങളത്രയും. തെക്കൻ ഡൽഹിയിലെ കൽക്കാജിയിൽ റെസ്റ്റോറന്റിൽ ജോലിക്കാരനായ രൺവീർ സിങ്ങാണ്(38) ഞായറാഴ്ച മരിച്ചത്. മധ്യപ്രദേശിലെ മൊറേനയിലുള്ള വീട്ടിലെത്താൻ രൺവീർ വെള്ളിയാഴ്ചമുതൽ നടക്കുകയായിരുന്നു. വണ്ടിയൊന്നും കിട്ടില്ലെന്ന് മകളെ വിളിച്ചറിയിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചിനു വിളിച്ചപ്പോൾ നടന്നുതളർന്ന രൺവീർ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നുവെന്ന് ഭാര്യ മമത മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഹൃദയാഘാതത്തെത്തുടർന്നാണ് രൺവീറിന്റെ മരണമെന്ന് അധികൃതർ പറഞ്ഞു. ജോലിയെടുത്തിരുന്ന റെസ്റ്റോറന്റായിരുന്നു രൺവീറിന് ഭക്ഷണത്തിനുള്ള ആശ്രയം. അതടച്ചതോടെയാണ് വീട്ടിലേക്കു പോകാൻ നോക്കിയത്. പ്രധാനമന്ത്രി അടച്ചിടൽ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് പുലർച്ചെ രണ്ടരയ്ക്കാണ് ആദ്യ മരണം. വണ്ടിയില്ലാത്തതിനാൽ കാട്ടുവഴിയിലൂടെ നാട്ടിലേക്കു പുറപ്പെട്ട നാലുപേർ തമിഴ്നാട്ടിലെ തേനി രസിംഗപുരത്ത് കാട്ടുതീയിൽ മരിച്ചു. വെള്ളിയാഴ്ച തെലങ്കാനയിലേക്കു പുറപ്പെട്ട എട്ടുപേർ കർണാടകത്തിലെ റെയ്ച്ചുർ ജില്ലയിൽ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച തുറന്ന ട്രക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇതേദിവസം, ബിഹാറിലെ ഭോജ്‌പുരിൽ പതിനൊന്നുകാരൻ ഭക്ഷണം കിട്ടാതെ മരിച്ചു. ഹരിയാണയിലെ ബിലാസ്‌പുരിൽ നടന്നു പോവുമ്പോൾ അപകടത്തിൽപ്പെട്ട് അഞ്ചു തൊഴിലാളികൾക്ക്‌ ജീവൻ നഷ്ടമായി. ഞായറാഴ്ച കുണ്ട്‍ലി-മനേസർ-പൽവൽ അതിവേഗപാതയിൽ ഒരു വയസ്സുള്ള കുട്ടിയടക്കം അഞ്ചുപേർ ട്രക്കിടിച്ചു മരിച്ചു. ഇവരും നാട്ടിലേക്കുള്ള നടത്തത്തിലായിരുന്നു. ശനിയാഴ്ച മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിൽ നാലു രാജസ്ഥാൻ സ്വദേശികളും മരിച്ചു. ഇതേദിവസംതന്നെ, മൊറാദാബാദ് സ്വദേശിയായ ഇരുപത്തിയാറുകാരൻ നിതിൻ കുമാറും മരിച്ചു. ഹരിയാണയിലെ സോനിപത്തിൽനിന്നു നടന്നുവരികയായിരുന്നു കുമാർ. സൂറത്തിലും പശ്ചിമബംഗാളിലും ഓരോരുത്തർ വീതവും യാത്രയ്ക്കിടെ മരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2JtjJoS
via IFTTT