എടപ്പാൾ: കൊറോണ വ്യാപനത്തെത്തുടർന്ന് ഇന്ത്യയിലെത്താനാകാതെ സ്പെയിനിൽ കുടുങ്ങിയ ഡോക്ടറടക്കമുള്ള മലയാളികൾക്ക് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ ഇടപെടലിലൂടെ സുരക്ഷിതവാസം. മലപ്പുറം ജില്ലക്കാരനും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായിരുന്ന നൗഫലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം പേരാണ് തിരിച്ചുവരാൻ മാർഗമില്ലാതെ സ്പെയിനിൽ ഭീതിയിൽ കഴിയുന്നത്. ആറുമാസം മുൻപാണ് ഒരു കോഴ്സ് ചെയ്യാനായി ഡോക്ടർ സ്പെയിനിലെത്തിയത്. ഈമാസം തിരിച്ചുപോരാനായി ടിക്കറ്റ് ബുക്ക്ചെയ്ത് തയ്യാറാകുന്നതിനിടയിലാണ് കൊറോണ വ്യാപനമുണ്ടായത്. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ സി.പി. ബാവ ഹാജിയുടെ ബന്ധുവാണ് ഡോക്ടർ. ബാവ ഹാജിയാണ് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയത്. മുറിക്ക് പുറത്തിറങ്ങാനോ ആവശ്യത്തിന് ഭക്ഷണം ലഭിക്കാനോ പ്രയാസപ്പെട്ടാണ് ഇവർ അവിടെ കഴിഞ്ഞുവന്നത്. കൈയിലുള്ള പണവും തീർന്നു. ഉടൻ ഇന്ത്യൻ എംബസിയിലെ അംബാസഡർ സഞ്ജയ് വർമയോട് കുഞ്ഞാലിക്കുട്ടി കാര്യങ്ങൾ ധരിപ്പിച്ചു. അംബാസഡർ ഡോ. നൗഫലിനെ നേരിട്ടുവിളിച്ച് ഇദ്ദേഹത്തിനും മറ്റു മലയാളികൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളുമേർപ്പെടുത്താമെന്ന് ഉറപ്പുനൽകി. ഇക്കാര്യങ്ങളറിയിച്ച് കുഞ്ഞാലിക്കുട്ടിക്ക് രേഖാമൂലമുള്ള മറുപടിയും അംബാസഡർ നൽകി. Content Highlight: P. K. Kunhalikutty helps to a Malayalee doctor, trapped in Spain
from mathrubhumi.latestnews.rssfeed https://ift.tt/3akRuoo
via
IFTTT