Breaking

Friday, March 27, 2020

കൊറോണയ്ക്കുമുമ്പേ അവർ പറഞ്ഞു; വന്ദ് ചകോ (പങ്കിടൂ...)

കൊച്ചി: ഗുരുദ്വാരയിലെ 'ലാംഗറി'ലെ അടുക്കളയിൽക്കയറി പാത്രങ്ങളും മറ്റും പരിശോധിക്കുന്നതിനിടെ സുരേന്ദർപാൽ സിങ് പറഞ്ഞു...''നമ്മൾ സജ്ജമായിരിക്കണം, എന്തുവന്നാലും പതിവുപോലെ കൂട്ടായി നേരിടാം''. അരികിലുണ്ടായിരുന്ന മനീന്ദർസിങ്ങും ഗുർപ്രീത് സിങ്ങും തലയാട്ടി, ഇതൊക്കെ നമ്മൾ പണ്ടേ ചെയ്യുന്നതല്ലേയെന്ന മട്ടിൽ. ഗുരുദ്വാരയിലെ ഈ 'ലാംഗർ' കൊറോണക്കാലത്ത് കേരളം ചർച്ചചെയ്യുന്ന സമൂഹ അടുക്കളയുടെ എത്രയോ കാലംമുമ്പുള്ള സാക്ഷ്യപത്രമാണ്. 'വന്ദ് ചകോ' (പങ്കിടൂ...) എന്ന മുദ്രാവാക്യവുമായി സിഖ് സമൂഹം നടപ്പാക്കുന്ന സമൂഹ അടുക്കള കൊറോണക്കാലത്തും നാടിനു കൈത്താങ്ങാകാൻ സജ്ജമാണ്. കൊച്ചിയിലെ ഗുരുദ്വാരയിൽ സമൂഹ അടുക്കള സ്ഥാപിച്ചത് ഗുരുവചനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് ഗുരുദ്വാര സിങ് സഭ കൊച്ചി പ്രസിഡന്റ് സുരേന്ദർ പാൽ സിങ് പറഞ്ഞു. ''ഈ ആശയത്തിന്റെ വിത്തുവിതച്ചത് സിഖ് മതസ്ഥാപകനും ആദ്യ ഗുരുവുമായ ഗുരുനാനാക്കായിരുന്നു. എന്നാൽ, അത് വിപുലമായ അർഥത്തിൽ പ്രാവർത്തികമാക്കിയത് മൂന്നാമത്തെ ഗുരുവായ അമർ ദാസാണ്. തന്നെ കാണാനെത്തുന്നവരോട് അദ്ദേഹം ആദ്യം പറഞ്ഞത് അവിടെയുള്ള ഭക്ഷണം കഴിക്കാനായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന സങ്കല്പത്തിലാണ് അദ്ദേഹം സമൂഹ അടുക്കള സ്ഥാപിച്ചത്'' -സുരേന്ദർ പാൽ സിങ്ങിന്റെ വാക്കുകളിൽ 'ലാംഗറി'ന്റെ തുടക്കംതെളിഞ്ഞു. എല്ലാ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും സിഖ് കുടുംബങ്ങൾ ഒത്തുചേരുമ്പോഴാണ് ലാംഗറിലെ സമൂഹ അടുക്കള പ്രവർത്തിക്കുന്നത്. ചോറ്്, ചപ്പാത്തി, പരിപ്പ്, സാലഡ്, പച്ചക്കറികൊണ്ടുള്ള കറി, മധുരം എന്നിവയാണ് ലാംഗറിൽ വിളമ്പുന്നത്. പാചകവും വിളമ്പലും പാത്രം കഴുകലുമൊക്കെ സേവനസന്നദ്ധരായി ചെയ്യുന്നതാണ് ഇവിടത്തെ രീതി. എല്ലാവരും തറയിൽ വിരിച്ച പരവതാനിയിൽ ഇരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. കിരത്ത് കരോ (അധ്വാനിക്കൂ), വന്ദ് ചകോ (പങ്കിടൂ), നാം ജപോ (വിശുദ്ധനാമം ഉരുവിടൂ) എന്നീ മൂന്ന് തത്ത്വങ്ങളാണ് ഗുരുദ്വാര മുറുകെപ്പിടിക്കുന്നത്. ഇതിൽ 'വന്ദ് ചകോ' എന്ന തത്ത്വവുമായി സമൂഹ അടുക്കള ഈ കൊറോണക്കാലത്ത് പൊതുജനങ്ങൾക്കുവേണ്ടി ഉപയോഗിക്കേണ്ടിവന്നാൽ അതിന് സജ്ജമാണെന്നും സുരേന്ദർ പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് ദിവസം 10,000 പേർക്കെന്ന കണക്കിൽ ഒന്നരലക്ഷത്തിലേറെ പേർക്ക് ലാംഗറിൽനിന്ന് ഭക്ഷണം തയ്യാറാക്കിനൽകിയിരുന്നു. Content Highlight: community kitchen by Sikh community in kochi


from mathrubhumi.latestnews.rssfeed https://ift.tt/2vS6X01
via IFTTT