Breaking

Thursday, March 26, 2020

ഇന്ത്യയില്‍ ഒറ്റദിവസം 101 കൊറോണ പോസിറ്റീവ് കേസുകള്‍, ആകെ രോഗബാധിതര്‍ 606

ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ രാജവ്യാപക ലോക്ക് ഡൗണിൽ അവശ്യ സാധനങ്ങൾ വാങ്ങിച്ചുകൂട്ടാൻ മത്സരിച്ച് ജനം. ലോക്ക് ഡൗണിനെ തുടർന്ന് അവശ്യ സാധനങ്ങൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് സർക്കാർ പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പലചരക്കുകൾ, പച്ചക്കറികൾ, പാൽ തുടങ്ങിയവ സംഭരിക്കാൻ ആളുകൾ ആദ്യദിനം മത്സരിച്ചു. 21 ദിവസത്തേക്കാണ് രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണിന്റെ ആദ്യദിനമായ ബുധനാഴ്ച മാത്രം ഇന്ത്യയിൽ 101 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നുപേർ മരിക്കുകയും ചെയ്തു. രാജ്യത്ത് കൊറോണ സ്ഥിരികരിച്ചവരുടെ ആകെ എണ്ണം 606 ആയി. രോഗം മൂലം മരിച്ചവരുടെ എണ്ണം 12 ആവുകയും ചെയ്തു. 21 ദിവസത്തെ ലോക്ക് ഡൗണിനിടയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ ഇന്ത്യയിലെ ചുമതലക്കാർ, വിതരണക്കാർ, വിപണിയിലെ മറ്റ് കച്ചവടക്കാർ എന്നിവരുമായി പലതവണ കൂടിക്കാഴ്ച നടത്തി. കൊറോണ വ്യാപനം തടയാൻ സമൂഹ്യ അകലം പാലിക്കുക മാത്രമാണ് പോംവഴിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടും നിരവധി ആളുകൾ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറായിട്ടില്ല. ജനത്തെ അച്ചടക്കം പാലിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ പോലീസ് നടപടികൾ കടുപ്പിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുക, വിലക്ക് ലംഘിച്ച് കടകമ്പോളങ്ങൾ തുറക്കുക, അത്യാവശ്യമില്ലാതിരുന്നിട്ടും വെറുതെ പുറത്തിറങ്ങി സഞ്ചരിക്കുക തുടങ്ങിയ ലംഘനങ്ങൾ നടത്തിയവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് കേസുകൾ ചുമത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് വിവിധ ഇടങ്ങളിൽ ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും കൊറോണപ്പേടിയേ തുടർന്ന് അവരുടെ വാടക വീട്ടിൽ നിന്ന് ഉടമസ്ഥർ പുറത്താക്കിയ സംഭവങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതേതുടർന്ന് പ്രധാനമന്ത്രി ഇത്തരം സംഭവങ്ങളെ അപലപിച്ച് രംഗത്ത് വന്നു. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരോട് വിവേചനം കാണിക്കരുതെന്നും മഹാമാരിക്കെതിരെ പോരാടുന്ന അവരെ ദൈവത്തേപ്പോലെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു അതിനിടെ കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക ആഘാതം മറികടക്കുന്നതിന് വൻ സാമ്പത്തിക പാക്കേജിന് കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ 100 കോടിയോളം വരുന്ന സാധാരണക്കാരെ സഹായിക്കുന്ന 1.5 ലക്ഷം കോടിയുടെ പദ്ധതിയാണ് കേന്ദ്രം തയ്യാറാക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ. ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുക, പ്രതിസന്ധിയിലായ വ്യവസായികളെ സഹായിക്കുക തുടങ്ങിയവയാണ് പാക്കേജിന്റെ ഉള്ളടക്കമെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങൾ സാധാരണക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. Content Higthlights:Day 1 of coronavirus lockdown: India registers 101 new cases, 3 deaths


from mathrubhumi.latestnews.rssfeed https://ift.tt/2WLvnDl
via IFTTT