Breaking

Saturday, March 28, 2020

പി.എഫ്. ആനുകൂല്യം: ജീവനക്കാർക്ക് ആശ്വാസമാകും

കൊച്ചി: കൊറോണക്കാലത്ത് അടിയന്തരസാഹചര്യം നേരിടാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കാൻ അവസരം നൽകിയത് ലക്ഷക്കണക്കിന് ജീവനക്കാർക്ക് ആശ്വാസമാകും. മൂന്നുമാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പി.എഫിലുള്ള തുകയുടെ 75 ശതമാനമോ, ഏതാണ് കുറവ് അതാണ് പിൻവലിക്കാനാകുക. ഉദാഹരണത്തിന്, മാസം 25,000 രൂപ ശമ്പളമുള്ളയാളിന് 75,000 രൂപവരെ പിൻവലിക്കാം. എന്നാൽ, ഇദ്ദേഹത്തിന്റെ പി.എഫ്. അക്കൗണ്ടിൽ 50,000 രൂപയേ ഉള്ളൂവെങ്കിൽ കുറഞ്ഞ ആ തുക മാത്രമേ പിൻവലിക്കാനാകുകയുള്ളൂ. നിലവിൽ ഭവനനിർമാണം, വിവാഹം തുടങ്ങിയ അടിന്തര ആവശ്യങ്ങൾക്ക് മാത്രമാണ് പി.എഫിൽനിന്ന് തുകപിൻവലിക്കാൻ അനുവദിച്ചിരുന്നത്. ചെറുസംരംഭങ്ങളിലെ തൊഴിലാളികൾക്കും നേട്ടം ജീവനക്കാരും തൊഴിലുടമകളും അടയ്ക്കേണ്ട പ്രതിമാസ പി.എഫ്. വിഹിതം മൂന്നുമാസം സർക്കാർ നൽകുമെന്ന പ്രഖ്യാപനവും 4.8 കോടി തൊഴിലാളികൾക്ക് നേട്ടമാകും. നൂറിൽ താഴെ ജീവനക്കാരുള്ളതും അതിൽ 90 ശതമാനം പേർക്കും 15,000 രൂപയോ അതിൽ താഴെയോ ശമ്പളമുള്ളതുമായ സ്ഥാപനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 12 ശതമാനം വീതമാണ് ജീവനക്കാരുടെയും തൊഴിലുടമയുടെയും പി.എഫ്. വിഹിതം. അതായത്, 15,000 രൂപ ശമ്പളമുള്ള ജീവനക്കാരന് പ്രതിമാസം 1800 രൂപവീതം കൂടുതൽ ലഭിക്കും. മൂന്നുമാസംകൊണ്ട് 5400 രൂപയാണ് അവരുടെ കൈകളിലേക്ക് എത്തുന്നത്. തൊഴിലുടമയ്ക്കും ഏതാണ്ട് ഇത്രതന്നെ നേട്ടം ലഭിക്കും. വിപണിയിലെ പണലഭ്യത ഉയരാൻ ഇത് സഹായിക്കുമെന്ന് മുൻ സെൻട്രൽ പി.എഫ്. കമ്മിഷണർ വി.പി. ജോയ് പറഞ്ഞു. പി.എഫ്. പെൻഷൻ തുക മാർച്ച് 30-നുമുമ്പ് ന്യൂഡൽഹി: ഈ മാസത്തെ പ്രോവിഡന്റ് ഫണ്ട് പെൻഷൻ തുക മാർച്ച് 30-നുമുമ്പ് പെൻഷൻകാരുടെ അക്കൗണ്ടിൽ വകയിരുത്തണമെന്ന് കേന്ദ്ര പി.എഫ്. കമ്മിഷണർ ഇ.പി.എഫ്.ഒ.യ്ക്ക് കീഴിലുള്ള 135 ഓഫീസുകൾക്കും നിർദേശം നൽകി. 65 ലക്ഷം പെൻഷൻകാരാണുള്ളത്. ഓരോ മാസത്തെയും പെൻഷൻ അടുത്തമാസത്തിന്റെ ആദ്യ ആഴ്ചയിലും മറ്റുമായിട്ടാണ് നിലവിൽ വിതരണം ചെയ്യുന്നത്. വളരെ വൈകി പെൻഷൻ ക്രെഡിറ്റ് ചെയ്ത സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ പെൻഷൻ വൈകരുതെന്ന് കമ്മിഷണർ നിർദേശം നൽകി. സാധാരണ ഓരോ മാസവും 20-നുശേഷമാണ് പെൻഷൻതുക ഇ.പി.എഫ്. ഓഫീസുകളിൽനിന്ന് സ്റ്റേറ്റ് ബാങ്കിലേക്ക് അടയ്ക്കുക. അവിടന്നാണ് മറ്റ് നിശ്ചിത ബാങ്കുകളിലേക്ക് പണം കൈമാറുന്നത്. Content Highlights:Covid-19 relief package: Center allows PF withdrawal for individuals to fight lockdown


from mathrubhumi.latestnews.rssfeed https://ift.tt/2QQfW98
via IFTTT