Breaking

Thursday, March 26, 2020

മുന്നറിയിപ്പ് പോലെ യുഎസും കൊറോണയുടെ പിടിയില്‍; 24 മണിക്കൂറില്‍ രോഗം ബാധിച്ചവര്‍ 10,000 കടന്നു

ന്യൂയോർക്ക്: കൊറോണ വൈറസ് (കൊവിഡ്-19) രോഗികൾ പെരുകുന്ന യു.എസ്. മഹാമാരിയുടെ അടുത്ത പ്രഭവകേന്ദ്രമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു.എച്ച്.ഒ.) മുന്നറിയിപ്പ് യഥാർത്ഥ്യമാകുന്നതായി സൂചന. യുഎസിൽ നിന്ന് പുറത്തുവരുന്ന കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത്. ബുധനാഴ്ച മാത്രം യുഎസിൽ 200 ലധികം പേർ മരിച്ചു.24 മണിക്കൂറിൽ രോഗം ബാധിച്ചവർ 10,000 കടന്നു. കൊറോണയെ തുടർന്ന് യുഎസിൽ ഒരു ദിവസം ഏറ്റവുംകൂടുതൽആളുകൾ മരിക്കുന്നത് ബുധനാഴ്ചയാണ്. ജനുവരി അവസാനത്തോടെയാണ് അമേരിക്കയിൽ കൊറോണ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം അതിവേഗത്തിലാണ് രോഗം പടർന്നുപിടിച്ചത്. ഇപ്പോൾ 921 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നാല് ദിവസം മുമ്പുവരെ 326 മരണങ്ങൾ മാത്രമാണ് യുഎസിൽ റിപ്പോർട്ട് ചെയ്തിരുന്നത്. നാല് ദിവസത്തിനിടയിലാണ് ബാക്കിയുള്ള അത്രയും പേർ മരിച്ചത്. നാടകീയമായിട്ടാണ് യുഎസിൽ രോഗം പടർന്നുപിടിക്കുന്നത്. ചൊവ്വാഴ്ച 164 പേരാണ് മരിച്ചതെങ്കിൽ ബുധനാഴ്ച അത് 216 ലേക്കെത്തിയിരിക്കുന്നു. 65000 ത്തിലധികം പേരിൽ ഇതുവരെ രോഗം പിടികൂടി. ചൈനക്കും ഇറ്റലിക്കും ശേഷം യുഎസാകും കൊറോണയുടെ അടുത്ത ആഘാതകേന്ദ്രമെന്ന് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്. രോഗം വ്യാപിക്കുന്നതിന്റെ തോത് നൽകുന്ന സൂചന അതാണെന്ന് ഡബ്ല്യു.എച്ച്.ഒ. വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ലോകത്ത് റിപ്പോർട്ടുചെയ്ത പുതിയ കേസുകളിൽ 85 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിലും യു.എസിലുമാണെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേറ്ററില്ല, ന്യൂയോർക്കിൽ അതിഗുരുതരം; ആശങ്ക പ്രകടിപ്പിച്ച് നിരീക്ഷണസമിതി യു.എസിൽ ന്യൂയോർക്ക് നഗരത്തിൽ അതിഗുരുതരമാണ് സ്ഥിതി. രാജ്യത്തെത്തന്നെ മറ്റുസംസ്ഥാനങ്ങളിലേതിനെക്കാൾ അഞ്ചിരട്ടി വേഗത്തിലാണ് ന്യൂയോർക്കിൽ രോഗം വ്യാപിക്കുന്നത്. ഓരോ മൂന്നുദിവസത്തിലും രോഗബാധിതരുടെ എണ്ണം ഇരട്ടിയാവുകയാണ്. ന്യൂയോർക്കിലും പ്രാന്തപ്രദേശങ്ങളിലും വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്നതിൽ യു.എസ്. കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് ആശങ്കയറിയിച്ചു. നഗരത്തിൽനിന്ന് കഴിഞ്ഞ ഏതാനുംദിവസങ്ങൾക്കിടെ പുറത്തുപോയ എല്ലാവരും 14 ദിവസത്തേക്ക് സ്വയം സമ്പർക്കവിലക്കിൽ ഇരിക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് ആവശ്യപ്പെട്ടു. ബുധനാഴ്ചയിലെ കണക്കുകളനുസരിച്ച് ന്യൂയോർക്കിൽ ഇരുപതിനായിരത്തിലധികം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 280 പേർ ഇവിടെ മരിക്കുകയും ചെയ്തു. അടിയന്തര ആവശ്യം പരിഗണിച്ച് ന്യൂയോർക്കിലേക്ക് 24 ലക്ഷം മുഖാവരണവും 19 ലക്ഷം സർജിക്കൽ ഗൗണും 13.5 ലക്ഷം കൈയുറയും 4000 വെന്റിലേറ്ററും അയച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. 60 ശതമാനം പുതിയ കേസുകളും മെട്രോയ്ക്കു പുറത്തുനിന്നാണ് വരുന്നത്. 31 ശതമാനം പേർ മരിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ ആശങ്ക വളരെ വലുതാണെന്ന് ടാസ്ക് ഫോഴ്സ് അംഗം ഡെബോറ ബിർക്സ് പറഞ്ഞു. വെന്റിലേറ്റർ സൗകര്യവും അപര്യാപ്തമാണ്. രോഗികളെ പരിചരിക്കാൻ 30,000 വെന്റിലേറ്റർ വേണ്ടപ്പോൾ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി 400 എണ്ണമാണ് അയച്ചതെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുവോമോ പറഞ്ഞു. 26,000 പേരെ മരണത്തിലേക്ക് തള്ളിവിടുകയാണോ വേണ്ടതെന്നാണ് വാർത്താസമ്മേളനത്തിൽ രോഷത്തോടെ അദ്ദേഹം ചോദിച്ചത്. വെന്റിലേറ്റർ അനുവദിക്കുമ്പോൾ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി ന്യൂയോർക്കിന് പ്രഥമപരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക് ഡൗൺ പ്രഖ്യാപിക്കാതെ ട്രംപ് പ്രധാന രാജ്യങ്ങളെല്ലാം അടച്ചിടൽ പ്രഖ്യാപിച്ചിട്ടും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിനു തയ്യാറാവാത്തതിൽ വ്യാപക പ്രതിഷേധമുയരുന്നു. ഈസ്റ്ററിനുമുമ്പ് രാജ്യം പൂർവ സ്ഥിതിയിലാകുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകത്തെ ഒന്നാമത്തെ സമ്പദ്വ്യവസ്ഥയായ യു.എസ്. അടച്ചാൽ രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും അപ്പോഴുണ്ടാകുന്ന മരണസംഖ്യയുടെ അത്രയും കൊറോണ കാരണമുണ്ടാകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. Content Highlights:Wednesday has been deadliest day in reported coronavirus deaths in US


from mathrubhumi.latestnews.rssfeed https://ift.tt/2UjVNKY
via IFTTT