Breaking

Friday, March 27, 2020

കൺമണിയെ കൺകുളിർക്കെ കാണണം; പേരിടണം... കളക്ടർ കാത്തിരിക്കുകയാണ്

എറണാകുളം പച്ചക്കറി മാർക്കറ്റിൽ ജില്ലാ കളക്ടർ എസ്. സുഹാസ് പരിശോധനയ്ക്കെത്തിയപ്പോൾ കൊച്ചി: ആറ്റുനോറ്റു പിറന്ന കൺമണിയെ ഒരു നോക്ക് കണ്ട് മടങ്ങിയതാണ് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്. പിന്നെ പോകാനായിട്ടില്ല കുഞ്ഞിനടുത്തേക്ക്. അച്ഛനെത്തിയിട്ടു വേണ്ടേ കുഞ്ഞിനു പേരിടാൻ! മറ്റു ചടങ്ങുകൾക്കും. കാത്തിരിക്കുകയാണ് കളക്ടറുടെ കുടുംബം ബെംഗളൂരുവിൽ. ഫെബ്രുവരി ആറിനാണ് സുഹാസ് അച്ഛനായത്. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു കടിഞ്ഞൂൽ പുത്രിയുടെ ജനനം. ഭാര്യ ഡോ. വൈഷ്ണവിയും മകളും ബെംഗളൂരുവിലെ വീട്ടിൽ. ഇരുവരും ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് ഫെബ്രുവരി എട്ടിന് എറണാകുളത്തേക്ക് പോന്നതാണ് കളക്ടർ. പിന്നെ മകളെ കാണാനായി ബെംഗളൂരുവിലെ വീട്ടിലേക്ക് പോകാനേ ആയിട്ടില്ല. മകളുടെ പേരിടൽ ചടങ്ങ് അടക്കം മാറ്റിവെച്ചിരിക്കുകയാണ്. എറണാകുളത്തേക്ക് മടങ്ങിയെത്തിയതോടെ കൊറോണ തലയുയർത്തിത്തുടങ്ങി. മാർച്ച് മൂന്നിന് കൊച്ചി എയർപോർട്ടിൽ എത്തുന്ന എല്ലാവരെയും പരിശോധന തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരുന്നു അത്. വൈറസ് ഭീതി അകറ്റിയിട്ടു വേണം ഇനി ബെംഗളൂരുവിലെ വീട്ടിലെത്തി കുഞ്ഞിനെയും അമ്മയെയും കാണാൻ. ഈ സമയത്ത് അവിടെയുണ്ടായിരുന്നെങ്കിൽ കൊള്ളാം എന്ന് ആഗ്രഹമൊക്കെയുണ്ട് കളക്ടർക്കും. പക്ഷേ, നാട്ടിലെ കാര്യങ്ങൾ അതിലും വലുതാണല്ലോ... ഒരു മന്ദഹാസത്തോടെ സുഹാസ്. മുന്നിൽനിന്ന് നയിച്ച് സുഹാസ് കൊച്ചി: വ്യാഴാഴ്ച രാവിലെ എറണാകുളം മാർക്കറ്റിലടക്കം നേരിട്ടെത്തി പരിശോധന നടത്തി മടങ്ങിയെത്തിയതേയുള്ളൂ ജില്ലാ കളക്ടർ എസ്. സുഹാസ്. കൊറോണയെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തെ മുന്നിൽനിന്ന് നയിക്കുകയാണ് കളക്ടർ. അതിനിടയിലാണ് ഇതുവരെ നടത്തിയ ശ്രമങ്ങളെക്കുറിച്ച് കളക്ടർ എസ്. സുഹാസ് മാതൃഭൂമിയുമായി സംസാരിച്ചത്. കോവിഡ്-19 വൈറസിനെതിരായ പോരാട്ടം ജില്ലയിൽ മാർച്ച് മൂന്നിന് തുടങ്ങിയതാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നവരെയൊക്കെ അന്നു മുതൽ പൂർണമായും പരിശോധിച്ചു തുടങ്ങി. പിന്നാലെ കളക്ടറേറ്റിൽ കൺട്രോൾ റൂം തുടങ്ങി. മൂന്നാറിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ബ്രിട്ടീഷ് പൗരന്മാരാണ് ആദ്യ വെല്ലുവിളിയായത്. ഇറ്റലിയിൽ നിന്നെത്തിയ കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചതാണ് പിന്നെ. കുട്ടിയെയും രക്ഷിതാക്കളെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തുന്നവരെ നിരീക്ഷിക്കുകയായിരുന്നു ആദ്യം വലിയ വെല്ലുവിളിയായിരുന്നത്. സമൂഹ വ്യാപനം തടയുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. റിയൽ ടൈം ട്രാക്കിങ് സമൂഹ വ്യാപനം തടയാനായി റിയൽ ടൈം ട്രാക്കിങ് പോലുള്ള പദ്ധതികൾ ആവിഷ്കരിച്ചു. സംസ്ഥാനത്തുതന്നെ ആദ്യമായിട്ടായിരുന്നു ഇത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 4,000 ആളുകളുടെയും വിവരങ്ങൾ മൊബൈലിലൂടെ യഥാസമയം അറിയാവുന്ന പദ്ധതിയായിരുന്നു ഇത്. ടെലി മെഡിസിൻ യൂണിറ്റ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വീട്ടിൽ മരുന്ന് എത്തിക്കാൻ കഴിയുന്ന ടെലി മെഡിസിൻ സംവിധാനവും തുടങ്ങി. ഇതിനു പിന്നാലെ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്ക് വീഡിയോ കോൾ വഴി സംശയവും മറ്റും ചോദിക്കാവുന്ന സംവിധാനവും തുടങ്ങി. പിന്നാലെ ഡോക്ടർ ലൈവും തുടങ്ങി. എല്ലാവർക്കും ഭക്ഷണക്കിറ്റ് കളക്ടറേറ്റിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാവർക്കും ഒരു മാസത്തെ ഭക്ഷണക്കിറ്റ് നല്കി. ആംബുലൻസ് ഡ്രൈവർമാർക്കും ഭക്ഷണക്കിറ്റ് ലഭ്യമാക്കി. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം അതിഥി തൊഴിലാളികൾക്ക് അവരെ കൊണ്ടുവന്ന കരാറുകാർ ഭക്ഷണം നല്കിയില്ലെങ്കിൽ നടപടി സ്വീകരിക്കും. തൊഴിലാളികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി ഭക്ഷണം എത്തിക്കും. Content Highlights: Ernakulam collector S Suhas leading the team


from mathrubhumi.latestnews.rssfeed https://ift.tt/2UEqaL5
via IFTTT