Breaking

Monday, March 30, 2020

'ഞാൻ പരമാവധി കെഞ്ചി, അവരുടെ മനസ്സലിഞ്ഞില്ല' കര്‍ണാടക പോലീസ് തടഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍

കാസർകോട് :“ ഞാൻ അവരോട് പരമാവധി കെഞ്ചി, നിങ്ങളുടെ ആർക്കെങ്കിലുമാണ് ഈ അവസ്ഥയെങ്കിൽ ഇങ്ങനെ പെരുമാറുമോ എന്ന് ചോദിച്ചു. ഒരു ഫലവുമുണ്ടായില്ല. വേഗം മടങ്ങിപ്പോ എന്ന് ആജ്ഞാപിക്കുക മാത്രം ചെയ്തു” -തലപ്പാടി അതിർത്തിയിൽ കർണാടക പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെത്തുർന്ന് മരിച്ച ബീഫാത്തിമയുടെ ദുരിതത്തിന് ദൃക്സാക്ഷിയായ ആംബുലൻസ് ഡ്രൈവർ മഞ്ചേശ്വരം ഉദ്യാവർ മൗലാന റോഡിലെ അസ്ലം മാതൃഭൂമിയോട് പറഞ്ഞു. “ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് എനിക്ക് ഫോൺ കിട്ടിയത്. പത്തുമിനിറ്റിനകം ഞാൻ അവരുടെ വീട്ടിലെത്തി. തീർത്തും അവശനിലയിലായിരുന്നു ബീഫാത്തിമ. ബന്ധുക്കളായ ഷൗക്കത്തും റഫീഖും കൂടെയുണ്ടായിരുന്നു. അഞ്ചരയോടെ ഞങ്ങൾ അതിർത്തി ചെക്ക് പോസ്റ്റിലെത്തി. പോലീസ് നിർദയം ആംബുലൻസ് തടഞ്ഞു. ഞാൻ ഒരുവശത്തെ ഗ്ലാസ് മാറ്റി രോഗിയുടെ സ്ഥിതി പോലീസിന് കാട്ടിക്കൊടുത്തു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരും താണുവീണ് അപേക്ഷിച്ചു. പോലീസ് കുലുങ്ങിയില്ല. നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി അവിടന്ന് വണ്ടി തിരിച്ച് തുമിനാട് -ദേവിപുരം വഴി പോകാൻ ചെന്നപ്പോൾ അവിടെയും പോലീസ്. റോഡ് മണ്ണിട്ട് തടഞ്ഞിരിക്കുകയാണ്. വീണ്ടും മടങ്ങി കെദംപാടി-മഞ്ഞനാടി വഴി കർണാടക അതിർത്തിക്കുള്ളിലെത്തി. ഇടവഴിയാണ്. ഒരു വീടിന്റെ മുറ്റം കടന്നുവേണം പ്രധാന പാതയിലേക്കെത്താൻ. വീട്ടുകാർ ഒരുതരത്തിലും സമ്മതിച്ചില്ല. രോഗി അതിഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞപ്പോൾ എത്ര ഗുരുതരമായാലും ഇതുവഴി സമ്മതിക്കില്ലെന്നായിരുന്നു മറുപടി. രക്ഷയില്ലെന്ന് മനസ്സിലാക്കി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. ഏഴരയോടെയാണ് തിരിച്ചെത്തിയത്. ബീഫാത്തിമ അപ്പോഴും ജീവനുവേണ്ടി യാചിക്കുന്നതുപോലെ തോന്നി. കണ്ടുനിൽക്കാൻ കഴിയാതെ ഞാൻ വേഗം പോന്നു- അസ്ലം പറഞ്ഞു. വീട്ടുകാർ അപ്പോഴേക്കും മംഗളൂരു ബണ്ട്വാളിലെ ബീഫാത്തിമയുടെ ബന്ധുവീട്ടിൽ വിവരമറിയിച്ചിരുന്നു. അവർക്ക് വെപ്രാളമായി. അവരും പലരെയും ബന്ധപ്പെട്ടു. പക്ഷേ, ആർക്കും ഒന്നും ചെയ്യാനായില്ല. പുലർച്ചെ ആറുമണിയോടെ ബീഫാത്തിമ മരണത്തിനുകീഴടങ്ങി. അപ്പോഴേക്കും പലരും ബണ്ട്വാളിൽനിന്ന് എത്തിയിരുന്നു. അവർ ഊടുവഴിയിലൂടെ മൃതദേഹം അവിടെ വീട്ടിലെത്തിച്ചു. വൈകാതെ ബീച്ച് റോഡിലെ ഖബർസ്ഥാനിൽ മറവു ചെയ്തു. അഞ്ചുമക്കളുണ്ടിവർക്ക്. കുറച്ചുദിവസം മുമ്പാണ് ബീഫാത്തിമ ഉദ്യാവറിൽ മകന്റെ മകളുടെ വീട്ടിലെത്തിയത്. കൊറോണ പ്രതിരോധത്തിന്റെ പേരിൽ തലപ്പാടിയിൽ കർണാടക പോലീസ് തടഞ്ഞതിന്റെ പേരിൽ ചികിത്സ കിട്ടാതെ കാസർകോട്ട് മൂന്നുദിവസത്തിനിടെ സംഭവിച്ച രണ്ടാമത്തെ മരണമാണിത്. മഞ്ചേശ്വരം കുഞ്ചത്തൂർ തുമിനാട് കോളനിയിലെ അബ്ദുൾ ഹമീദ് (55) അണ് നേരത്തെ മരിച്ചത്. മംഗളൂരു ആസ്പത്രിയിലേക്ക് പോയ ഗർഭിണിയെ തടഞ്ഞതിനെത്തുടർന്ന് അവർ ആംബുലൻസിൽ പ്രസവിച്ചിരുന്നു. Content Highlight: Ambulance driver blocked by Karnataka police


from mathrubhumi.latestnews.rssfeed https://ift.tt/2w3gGko
via IFTTT