വുഹാൻ (ചൈന): ആയിരക്കണക്കിന് യാത്രക്കാരുമായി ശനിയാഴ്ച വീണ്ടും ചൈനയിലെ വുഹാനിൽ തീവണ്ടികളെത്തി. ലോകത്തെ കാർന്നുതിന്നുന്ന കൊറോണ വൈറസ് മഹാമാരിയുടെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലെ വുഹാൻ മാസങ്ങൾ നീണ്ട അടച്ചിടലിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്. യാത്രവിലക്കിന് ഇളവുലഭിച്ചതോടെയാണ് തീവണ്ടി സർവീസ് പുനരാരംഭിച്ചത്. യാത്രക്കാരിൽ ചിലർ രണ്ട് മുഖാവരണംവരെ അണിഞ്ഞിരുന്നു. ഒപ്പം കൈയുറയും വൈറസ് പ്രതിരോധ കുപ്പായവും ധരിച്ചെത്തിയവരെ അതേവേഷത്തിലെത്തിയ റെയിൽവേ ജീവനക്കാർ സ്വീകരിച്ചു. തീവണ്ടി നഗരത്തോട് അടുക്കുമ്പോൾ താനും മകളും അത്യന്തം ആകാംക്ഷയിലായിരുന്നെന്നാണ് 36-കാരി പറഞ്ഞത്. 10 ആഴ്ചയായി ഭർത്താവിൽനിന്നും അകലെയായിരുന്നു. തീവണ്ടി എന്നത്തേക്കാളും വേഗത്തിലാണ് ഓടുന്നതെന്ന് തോന്നിയെന്നും വുഹാനിൽ ഇറങ്ങി മകൾ അച്ഛന്റെ അടുത്തേക്ക് ഓടുന്നതു കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞെന്നും അവർ പറഞ്ഞു. വൈറസ് നിയന്ത്രണവിധേയമായതോടെയാണ് വുഹാനിലേക്ക് വീണ്ടും ജനങ്ങളെ പ്രവേശിപ്പിക്കാൻ തുടങ്ങിയത്. നഗരത്തിലേക്കുള്ള തീവണ്ടികൾ നേരത്തേതന്നെ പൂർണമായും ബുക്കുചെയ്ത് കഴിഞ്ഞിരുന്നു. ജനുവരിമുതലാണ് നഗരം പൂർണമായി അടച്ചിട്ടത്. എന്നാൽ, വുഹാനിലുള്ളവർക്ക് പുറത്തേക്കുപോവാൻ ഏപ്രിൽ എട്ടുവരെ അനുവാദമില്ല. അപ്പോഴേ വിമാനത്താവളങ്ങളും തുറക്കൂ. വുഹാനിൽ 50,000-ത്തിലധികം പേർക്കാണ് വൈറസ് ബാധിച്ചത്. മറ്റുനഗരങ്ങളെ അപേക്ഷിച്ച്് മരണവും ഇവിടെ കൂടുതലായിരുന്നു. ശനിയാഴ്ചയും മൂന്നുമരണം ഉണ്ടായി. 2500 പേർ ഇപ്പോഴും ചികിത്സയിലാണ്. തുടക്കത്തിൽ വൈറസിനോടു പതറിയ വുഹാൻ കഴിഞ്ഞ ആഴ്ചകളിലാണ് സാധാരണനിലയിലേക്ക് തിരിച്ചുവരാൻ തുടങ്ങിയത്. സബ്വേകൾ തുറന്നു. അടുത്തയാഴ്ചയോടെ ഷോപ്പിങ് സെന്ററുകളും തുറക്കും. ബാങ്കുകൾ തുറക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്തെങ്കിലും അനാവശ്യയാത്രവേണ്ടെന്ന് മുന്നറിയിപ്പുണ്ട്. Content Highlights:Coronavirus China Wuhan
from mathrubhumi.latestnews.rssfeed https://ift.tt/3bBjuUR
via
IFTTT