Breaking

Saturday, March 28, 2020

കൊറോണ പരിശോധനയ്ക്ക് അതിവേഗ സംവിധാനമൊരുങ്ങുന്നു; വികസിപ്പിച്ചത് മലയാളി ഗവേഷകന്‍

കോഴിക്കോട്: മലയാളിഗവേഷകൻ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചെലവുകുറഞ്ഞ അതിവേഗ കൊറോണ രോഗപരിശോധനാസംവിധാനം തയ്യാറായി. ഗോവ ആസ്ഥാനമായുള്ള മോൾബയോ ഡയഗനോസ്റ്റിക്‌സാണ് റിയൽ ടൈംപോയന്റ്ഓഫ് കെയർ പി.സി.ആർ. കോവിഡ്-19 പരിശോധനാ ചിപ്പ് പുറത്തിറക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കൊറോണ പരിശോധന നടത്താൻ കമ്പനിക്ക് ഐ.സി.എം.ആർ. അനുമതി നൽകി. അടുത്ത ആഴ്ചയോടെ അന്തിമാനുമതി ലഭിച്ചേക്കും. നിർവീര്യമാക്കിയാണ് സാംപിൾ ശേഖരിക്കുന്നത് എന്നതിനാൽ ആരോഗ്യപ്രവർത്തകർക്ക് രോഗംപകരുമെന്ന ആശങ്കയും ഒഴിവാക്കാം.ഒരുമണിക്കൂറിനകം പരിശോധനാഫലം ലഭിക്കുന്ന പുതിയ സംവിധാനം രോഗപ്രതിരോധത്തിന് അനുഗ്രഹമാവും. 1500 രൂപയിൽ താഴെയാണ് ചെലവ്. നിലവിലുള്ള ടെസ്റ്റുകൾക്ക് ഇതിന്റെ ഇരട്ടിയിലേറെ വേണം. ഇന്ത്യയിൽ പരിശോധനാ സംവിധാനങ്ങളുടെ കുറവ് കൊറോണ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാവുമെന്ന് ലോകാരോഗ്യസംഘടന അഭിപ്രായപ്പെട്ടിരുന്നു.ജനിതക പരിശോധനയിലൂടെ ബാക്ടീരിയ, വൈറസ് രോഗബാധ കണ്ടെത്തുന്ന സാങ്കേതികവിദ്യയാണ് പി.സി.ആർ. (പോളിമറൈസ്ഡ് ചെയിൻ റിയാക്‌ഷൻ) ടെസ്റ്റ്. ഇതിനുള്ള സംവിധാനമൊരുക്കാൻ 30 ലക്ഷം മുതൽ ഒരുകോടിവരെ രൂപ ചെലവുവരും. എന്നാൽ, റിയൽടൈം പോയന്റ് ഓഫ് കെയർ പി.സി.ആർ. ടെസ്റ്റിന് ബാറ്ററിയിൽ പ്രവർത്തിപ്പിക്കുന്ന ട്രൂനാറ്റ് എന്ന ചെറിയ ഉപകരണം മതിയാവും. പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ ചെറിയ ചിപ്പിനുള്ളിലാണ് ക്രമീകരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ ബിഗ്‌ടെക് ലാബ്‌സ് സ്ഥാപകൻ ഒറ്റപ്പാലം സ്വദേശി ഡോ. ചന്ദ്രശേഖരൻ ഭാസ്‌കരൻനായരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ചെറിയ സ്യൂട്ട്‌കേസിൽ ഒതുങ്ങുന്നതാണ് ഉപകരണം. ഓരോ രോഗത്തിനും പ്രത്യേകം ചിപ്പാണ് ഉപകരണത്തിൽ ഉപയോഗിക്കുക.കേന്ദ്രസർക്കാരിന്റെ ദേശീയക്ഷയരോഗ നിയന്ത്രണപദ്ധതിയിൽ രോഗനിർണയത്തിനായി ട്രൂനാറ്റ് ടെസ്റ്റ് ഉപയോഗിക്കുണ്ട്. ലോകാരോഗ്യ സംഘടനയും ട്രൂനാറ്റിന് അംഗീകാരംനൽകിയിട്ടുണ്ട്. നിപ പരിശോധനയ്ക്കുള്ള ചിപ്പും നേരത്തേ തയ്യാറാക്കിയിരുന്നു.ചെറിയ ആശുപത്രികളിൽപ്പോലും ഉപയോഗിക്കാൻ കഴിയുമെന്നതും കൂടുതൽപ്പേരെ പരിശോധനയ്ക്കു വിധേയമാക്കാമെന്നതും ഈ പരിശോധനയുടെ സവിശേഷതയാണെന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ തലവൻ ഡോ. എ.എസ്. അനൂപ്കുമാർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2vYIx5c
via IFTTT