ന്യൂഡല്‍ഹി: ഒരു വര്‍ഷംമുമ്പാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ശഹറില്‍ പശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടു എന്നതിന്റെപേരില്‍ വര്‍ഗീയസംഘര്‍ഷം ഉണ്ടായതും രണ്ടുപേര്‍ മരിച്ചതും. ഇവിടെനിന്നിപ്പോള്‍ പുറത്തുവരുന്നത് കാരുണ്യത്തിനും മനുഷ്യസ്നേഹത്തിനും മതവും ജാതിയും വേര്‍തിരിവുമില്ലെന്ന സ്നേഹപാഠമാണ്.ബുലന്ദ്ശഹറിലെ ആനന്ദ് വിഹാറില്‍ മരിച്ച 49-കാരനായ രവിശങ്കറിന്റെ മൃതദേഹം സംസ്കരിച്ചത് മുസ്‌ലിങ്ങളായ അയല്‍ക്കാര്‍. അതും ഹിന്ദു ആചാരപ്രകാരം രാമനാമം വിളികളോടെ. ബന്ധുക്കളും അയല്‍ക്കാരുമൊന്നും കോവിഡ് ഭയന്ന് സംസ്കാരത്തിനെത്താതിരുന്നപ്പോഴാണ് മുസ്‌ലിം യുവാക്കള്‍ രംഗത്തിറങ്ങിയത്.മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ ആനന്ദ് വിഹാറില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ദരിദ്രകുടുംബാംഗമായ രവിശങ്കര്‍ ഭാര്യയെയും നാലുമക്കളെയും അനാഥരാക്കിപ്പോയത്. രവിശങ്കറിന്റെ ഭാര്യയും മൂത്തമകനും വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദേശമയച്ചും മറ്റും അറിയിച്ചു. കോവിഡ് ഭീതിയില്‍ എല്ലാവരും വീട്ടില്‍ അടച്ചുകഴിയുന്നതിനാല്‍ ആരും മൃതദേഹം അവസാനമായി കാണാന്‍പോലും എത്തിയില്ല. ശ്മശാനത്തിലേക്ക് ശവമഞ്ചം ചുമക്കാനും ആരും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അയല്‍ക്കാരായ മുസ്‌ലിം യുവാക്കള്‍ ശവസംസ്കാരത്തിന് മുന്നോട്ടുവന്നത്. ഇവര്‍ വേഗത്തില്‍ ശവമഞ്ചം തയ്യാറാക്കി. കാളി നദിക്കരയിലെ ശ്മശാനത്തിലേക്ക് മൃതശരീരം ചുമന്നു. അവിടെയെത്തുംവരെ ഹിന്ദു ആചാരപ്രകാരം രാമനാമം ജപിച്ചു. സംസ്കാരവും ഹിന്ദു ആചാരപ്രകാരമായിരുന്നു. രവിശങ്കറിന്റെ മകന്‍ ചിതയ്ക്കു തീകൊളുത്തി. മകനെ വീട്ടിലെത്തിച്ചശേഷം എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്താണ് മുസ്‌ലിം യുവാക്കള്‍ പോയത്. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഇവിടെയുള്ളവര്‍ മതംനോക്കാതെ സഹകരിക്കാറുണ്ടെന്നും രവിശങ്കറിന്റെ കാര്യത്തില്‍ ബന്ധുക്കള്‍ ആരും വരാതിരുന്നതിനാലാണ് സംസ്കാരച്ചുമതല ഏറ്റെടുത്തതെന്നും അയല്‍ക്കാരനായ മുഹമ്മദ് ഉബൈദ് ടെലിഫോണിൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2ydgwHF
via
IFTTT