ഹൈദരാബാദ്: ഏപ്രിൽ ആദ്യവാരത്തോടെ തെലങ്കാന കൊറോണ വൈറസ് ബാധയിൽ നിന്ന് പൂർണമായും മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. സംസ്ഥാനത്ത് നിലവിൽ എഴുപത് പേർക്കാണ് രോഗബാധയുള്ളതെന്നും അതിൽ രോഗമുക്തി നേടിയ പതിനൊന്ന് പേർ തിങ്കളാഴ്ച ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് മടങ്ങുമെന്നും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെ മാധ്യമപ്രവർത്തകരോട് ഞായറാഴ്ച സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 25,937 പേർ ഇപ്പോൾ ക്വാറന്റൈനിലുണ്ടെന്നും ഏപ്രിൽ ഏഴോടെ ഇവരുടെ പതിനാല് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ക്വാറന്റൈനിലുള്ള ആർക്കും കോവിഡ്-19 ലക്ഷണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. 1,899 പേർ തിങ്കളാഴ്ച പതിനാല് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുമെന്നും ബാക്കിയുള്ളവർ വരും ദിവസങ്ങളിൽ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി ചന്ദ്രശേഖര റാവു അറിയിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുൾപ്പെടെയുള്ളവരാണ് ഇപ്പോൾ ക്വാറന്റൈനിലുള്ളതെന്നും അദ്ദേഹം അറിയിച്ചു. ഇവരെ കൂടാതെ സംസ്ഥാനത്തിനകത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരും നിരീക്ഷണത്തിലുണ്ടെന്ന് കെസിആർ കൂട്ടിച്ചേർത്തു. ഇപ്പോൾ 58 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളതെന്നും രോഗബാധ മൂലം മരിച്ച എഴുപത്താറുകാരന് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിൽ ഏഴോടെ ചികിത്സയിൽ കഴിയുന്ന എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ളവരുടെ പ്രവേശനം തടഞ്ഞിരിക്കുന്നതിനാൽ തെലങ്കാന കൊറോണമുക്തമാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇപ്പോൾ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികൾക്ക് താമസ-ഭക്ഷണ സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights: Telangana will be coronavirus-free by April 7 says K Chandrasekhar Rao
from mathrubhumi.latestnews.rssfeed https://ift.tt/39tmAcf
via
IFTTT