Breaking

Tuesday, March 31, 2020

മനുഷ്യത്വത്തിനു മതമില്ല; ബുലന്ദ്ശഹറിൽനിന്നൊരു സ്നേഹഗീതം

ന്യൂഡൽഹി: ഒരു വർഷംമുമ്പാണ് ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ പശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടു എന്നതിന്റെപേരിൽ വർഗീയസംഘർഷം ഉണ്ടായതും രണ്ടുപേർ മരിച്ചതും. ഇവിടെനിന്നിപ്പോൾ പുറത്തുവരുന്നത് കാരുണ്യത്തിനും മനുഷ്യസ്നേഹത്തിനും മതവും ജാതിയും വേർതിരിവുമില്ലെന്ന സ്നേഹപാഠമാണ്. ബുലന്ദ്ശഹറിലെ ആനന്ദ് വിഹാറിൽ മരിച്ച 49-കാരനായ രവിശങ്കറിന്റെ മൃതദേഹം സംസ്കരിച്ചത് മുസ്ലിങ്ങളായ അയൽക്കാർ. അതും ഹിന്ദു ആചാരപ്രകാരം രാമനാമം വിളികളോടെ. ബന്ധുക്കളും അയൽക്കാരുമൊന്നും കോവിഡ് ഭയന്ന് സംസ്കാരത്തിനെത്താതിരുന്നപ്പോഴാണ് മുസ്ലിം യുവാക്കൾ രംഗത്തിറങ്ങിയത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ആനന്ദ് വിഹാറിൽ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ദരിദ്രകുടുംബാംഗമായ രവിശങ്കർ ഭാര്യയെയും നാലുമക്കളെയും അനാഥരാക്കിപ്പോയത്. രവിശങ്കറിന്റെ ഭാര്യയും മൂത്തമകനും വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദേശമയച്ചും മറ്റും അറിയിച്ചു. കോവിഡ് ഭീതിയിൽ എല്ലാവരും വീട്ടിൽ അടച്ചുകഴിയുന്നതിനാൽ ആരും മൃതദേഹം അവസാനമായി കാണാൻപോലും എത്തിയില്ല. ശ്മശാനത്തിലേക്ക് ശവമഞ്ചം ചുമക്കാനും ആരും ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് അയൽക്കാരായ മുസ്ലിം യുവാക്കൾ ശവസംസ്കാരത്തിന് മുന്നോട്ടുവന്നത്. ഇവർ വേഗത്തിൽ ശവമഞ്ചം തയ്യാറാക്കി. കാളി നദിക്കരയിലെ ശ്മശാനത്തിലേക്ക് മൃതശരീരം ചുമന്നു. അവിടെയെത്തുംവരെ ഹിന്ദു ആചാരപ്രകാരം രാമനാമം ജപിച്ചു. സംസ്കാരവും ഹിന്ദു ആചാരപ്രകാരമായിരുന്നു. രവിശങ്കറിന്റെ മകൻ ചിതയ്ക്കു തീകൊളുത്തി. മകനെ വീട്ടിലെത്തിച്ചശേഷം എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്താണ് മുസ്ലിം യുവാക്കൾ പോയത്. ഇതിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ ഇവിടെയുള്ളവർ മതംനോക്കാതെ സഹകരിക്കാറുണ്ടെന്നും രവിശങ്കറിന്റെ കാര്യത്തിൽ ബന്ധുക്കൾ ആരും വരാതിരുന്നതിനാലാണ് സംസ്കാരച്ചുമതല ഏറ്റെടുത്തതെന്നും അയൽക്കാരനായ മുഹമ്മദ് ഉബൈദ് ടെലിഫോണിൽ പറഞ്ഞു. Content Highlight: Muslim neighbours in bulandshahr helped cremate a dead hindu


from mathrubhumi.latestnews.rssfeed https://ift.tt/2JtqIhL
via IFTTT