Breaking

Tuesday, March 31, 2020

പുതുപ്പള്ളിയിലെ ഗവേഷണകേന്ദ്രത്തില്‍ 24 മണിക്കൂറും കൊറോണ പരിശോധന

പുതുപ്പള്ളിയിലെ കൊറോണ ലാബിൽ പരിശോധന നടക്കുന്നു കോട്ടയം: പുതുപ്പള്ളിയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ചിൽ ഇനി കൊറോണയ്ക്ക് എതിരായ പോരാട്ടം 24 മണിക്കൂറും. മാർച്ച് 26-നാണ് ഇവിടത്തെ പരിശോധനയ്ക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അനുമതി കിട്ടിയത്. അതിനുമുമ്പുതന്നെ വൈറസ് ഗവേഷണം നടത്തിവന്ന സ്ഥാപനം പിറ്റേന്നുതന്നെ സർക്കാർ അയച്ചുനൽകുന്ന സ്രവങ്ങളുടെ പരിശോധന തുടങ്ങി. എം.ജി. സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്ന സ്ഥാപനം രാജ്യത്തെ മികച്ച ഗവേഷണ കേന്ദ്രങ്ങളിലൊന്നാകുന്നതിന്റെ നിമിഷം കൂടിയാണിത്. ഇതേക്കുറിച്ച് ഡയറക്ടർ ഡോ. കെ.പി. മോഹൻ കുമാർ സംസാരിക്കുന്നു. അംഗീകാരം കിട്ടി പിറ്റേന്നുതന്നെ പരിശോധനയും തുടങ്ങി, ഇത് എങ്ങനെ സാധിച്ചു? ഇവിടെ ഗവേഷണം പൂർണസമയം നടക്കുന്നുണ്ട്. വൈറസ് പഠനമാണ് അതിലൊന്ന്. പരിശോധനയ്ക്കുള്ള സൗകര്യവുമുണ്ട്. നാഡീരോഗപഠനം, കുട്ടികളുടെ ഓട്ടിസം അടക്കമുള്ള പ്രശ്നങ്ങൾ, വയോധികരുടെ ആരോഗ്യം എന്നിവയിലാണു ഗവേഷണം. പാർക്കിൻസൺസ് രോഗമടക്കമുള്ളവയിൽ പഠനം നടക്കുന്നു. കൊറോണ പരിശോധനയ്ക്ക് അനുമതി കിട്ടിയതോടെ മറ്റൊരു ഒരുക്കം ഇവിടെ വേണ്ടിവന്നില്ല. കോട്ടയം, ഇടുക്കി ജില്ലകളിലെ സാമ്പിളുകളാണ് ഇവിടേക്കു വരുന്നത്. ഇതിനകം 72 സാമ്പിളുകൾ പരിശോധിച്ചു. അടിയന്തര ആവശ്യം പ്രമാണിച്ച് മറ്റെല്ലാ ഗവേഷണവും നിർത്തിവെച്ച് ഇവിടത്തെ ശാസ്ത്രജ്ഞർ ലാബിന്റെ സേവനത്തിലേക്ക് മാറി. 24 മണിക്കൂറും സേവനം ഉറപ്പാക്കാൻ അവർ ജോലിചെയ്യുന്നു. കൊറോണ തിരിച്ചറിയൽ രീതി പറയാമോ? സ്രവം മൂന്ന് അടുക്കുകളുള്ള കവറുകളിൽ ഭദ്രമായാണ് കൊണ്ടുവരുന്നത്. നാല് സാമ്പിളുകളിലായി അത് വേർതിരിക്കും. ഇതിൽ മൂന്നെണ്ണം നെഗറ്റീവ് 80 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കും. പിന്നീട് പരിശോധനയ്ക്കോ മറ്റ് ഗവേഷണത്തിനോ ആണിത്. ഒരു സാമ്പിൾ വൈറസ് പരിശോധനയ്ക്ക് വിടും. ജനിതകഘടകം റൈബോ ന്യൂക്ലിക് ആസിഡ് (ആർ.എൻ.എ.) വേർതിരിക്കും. അത് മൂന്ന് ഘട്ടങ്ങളിൽ പരിശോധിക്കും. മൂന്നിലും നെഗറ്റീവ് ആണെങ്കിൽ വ്യക്തിക്കു രോഗമില്ലെന്ന് അറിയിക്കും. അല്ലെങ്കിൽ ചികിത്സ വേണം. പരിശോധനയിൽ പാലിക്കുന്ന മാനദണ്ഡങ്ങൾ? രോഗിയുടെ സ്വകാര്യതയാണ് പ്രധാനം. പരിമിത ആളുകൾക്കു മാത്രമേ ഏത് വ്യക്തിയുടെ സാമ്പിൾ എന്ന് തിരിച്ചറിയാനാകൂ. പരിശോധനയ്ക്ക് ലാബിലേക്ക് വിടുന്നത് കോഡ് നൽകിയാണ്. ടെക്നീഷ്യൻമാരുടെയും ഗവേഷകരുടെയും സുരക്ഷയ്ക്ക് അന്താരാഷ്ട്രനിലവാരമുള്ള ക്രമീകരണങ്ങളുണ്ട് ഇവിടെ. വൈറസിനെ കണ്ടെത്തിയാൽ തിരിച്ചറിഞ്ഞശേഷം നശിപ്പിക്കും. റാപ്പിഡ് ടെസ്റ്റ് പറ്റുമോ? സൗകര്യമുണ്ട്. നിർദേശം കിട്ടിയാൽ അതുംചെയ്യാം. (സമൂഹത്തിലേക്ക് വൻതോതിൽ രോഗം വ്യാപിക്കുന്നുണ്ടോയെന്ന് അറിയാൻ സഹായിക്കുന്നതാണ് റാപ്പിഡ് ടെസ്റ്റ്) സഹപ്രവർത്തകർ ആരാണ്? ഡോ. സതീഷ് മുണ്ടയൂർ, ഡോ. പ്രമോദ്കുമാർ, ഡോ. ഗൗതം ചന്ദ്ര, ഡോ. ഉഷ രാജമ്മ, ഡോ. രാജേഷ് ഷെനോയ്, പ്രബീർ പ്രവീൺ, ഡോ. ബ്ലെസി മാണി, ഡോ. ദീപ്തി വർഗ്ഗീസ്, ഡോ. രമ്യ എന്നിവരാണ് ശാസ്ത്രജ്ഞർ. റിങ്കുരാജ്, കൃഷ്ണ എസ്. നായർ, പി.എ. രമിത, ആര്യ മോഹൻ, ചിന്തു വി. സജി എന്നിവരാണ് ഗവേഷകവിദ്യാർഥികൾ. രഞ്ചു മാധവൻ, ആർ. പ്രസീദ, റോഷ്ണി സാറ ബാബു എന്നിവരാണ് ടെക്നീഷ്യൻമാർ. Content Highlight: 24 hours Corona test at Puthuppally Research Center


from mathrubhumi.latestnews.rssfeed https://ift.tt/2wOopmD
via IFTTT