പത്തനംതിട്ട: മരണഭയത്തോടെയാണ് മൂന്നാഴ്ചമുമ്പ് അവർ ആശുപത്രിയിലെത്തിയത്. ഐസൊലേഷൻ വാർഡിൽ 25 ദിവസം. ലോകം ഭയക്കുന്ന കൊറോണയെ അതിജീവിച്ച് ഒടുവിൽ പടിയിറക്കം. രോഗബാധിതരായി ഇറ്റലിയിൽ നിന്നുമെത്തിയ റാന്നിയിലെ കുടുംബത്തിലെ മൂന്നുപേരും ബന്ധുക്കളായ രണ്ടുപേരുമാണ് തിങ്കളാഴ്ച വൈകീട്ട് വീട്ടിലേക്ക് മടങ്ങിയത്. റാന്നി ഐത്തല പട്ടയിൽ മോൻസി ഏബ്രഹാം (55), ഭാര്യ രമണി (53), മകൻ റിജോ (26) എന്നിവരും മോൻസിയുടെ സഹോദരൻ പി.എ. ജോസഫ് (61), ഭാര്യ ഓമന ജോസഫ് (59) എന്നിവരാണവർ. സ്നേഹത്തിന്റെ പനിനീർപ്പൂക്കളും മധുരവുമായി പുറത്തുകാത്തുനിന്ന ആശുപത്രിജീവനക്കാർ അവരെ യാത്രയാക്കി. കൈയടികൾ മുഴങ്ങി. ഏവരുടെയും മുഖത്ത് കണ്ണീർത്തിളക്കം. നന്ദി, മറക്കില്ല പുറത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക് കയറാനാണ് റാന്നി ഐത്തല സ്വദേശികളായ കുടുംബം ആശുപത്രിക്കുള്ളിൽനിന്ന് പുറത്തേക്കെത്തിയത്. ഹർഷാരവമാണ് ഇവരെ ആദ്യം വരവേറ്റത്. ആർ.എം.ഒ. ഡോ. ആശിഷ് മോഹൻ കുമാറിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും എത്തിയിരുന്നു. കണ്ണീരണിഞ്ഞ മുഖത്തോടെ ആരോഗ്യപ്രവർത്തകർക്ക് നന്ദിയർപ്പിച്ചു കുടുംബാംഗങ്ങൾ. സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും ഡി.എം.ഒ.യ്ക്കും നന്ദിനേർന്നു. ''ഞങ്ങളുടെ ഭാഗത്ത് ശ്രദ്ധക്കുറവുണ്ടായി. തെറ്റാണെന്ന് മനസ്സിലാക്കുന്നു. പുതുജീവിതംതന്ന എല്ലാവർക്കും നന്ദി... പ്രാർഥനകളിൽ ഈ കരുതൽ എന്നുമോർക്കും''- വികാരഭരിതനായി റിജോ പറഞ്ഞു മടങ്ങുമ്പോഴും കരുതൽ അഞ്ചുപേരെയും ഡിസ്ചാർജ് ചെയ്യുന്ന ദിനത്തിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും തിരക്കുകൾക്കിടയിലും ചിലതെല്ലാം കരുതിവെക്കാൻ സമയം കണ്ടെത്തി. കേക്ക് വാങ്ങിയെത്തി ചിലർ. രണ്ട് കുടുംബങ്ങളിലായുള്ള അഞ്ചുപേർക്കും അടുത്ത ദിവസങ്ങളിൽ ഉപയോഗിക്കേണ്ട ഭക്ഷ്യവസ്തുക്കളും പച്ചക്കറിയും വാങ്ങി. തിങ്കളാഴ്ച വീട്ടിലെത്തിയശേഷം ഇവർക്ക് കഴിക്കുന്നതിന് ചപ്പാത്തിയും കറികളും ഒപ്പം കരുതി. മധുരപലഹാരങ്ങളും ഭക്ഷ്യവസ്തുക്കളുമായാണ് കുടുംബാംഗങ്ങൾ ഐത്തലയിലേക്ക് മടങ്ങിയത്. 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരും. നടുക്കത്തിന്റെ നാളുകൾ കഴിഞ്ഞ മാസം 29-നാണ് മോൻസിയും രമണിയും റിജോയും ഇറ്റലിയിലെ വെനീസിൽനിന്ന് നാട്ടിലെത്തിയത്. മാർച്ച് ആറിന് മോൻസിയുടെ സഹോദരനും ഭാര്യയും പനിബാധിച്ച് ചികിത്സതേടി. വിമാനത്താവളത്തിൽ ഇവരെ സ്വീകരിക്കാനെത്തിയ മോൻസിയുടെ മകളും മരുമകനും രോഗബാധിതരായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഇവർ കഴിഞ്ഞദിവസം വീട്ടിലേക്കുമടങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മോൻസിയുടെ അച്ഛനും അമ്മയും രോഗമുക്തരായി. Content Highlights:Covid-19 cured patient left hospital
from mathrubhumi.latestnews.rssfeed https://ift.tt/2QWXDPE
via
IFTTT